Wednesday, November 7, 2012

മനസ്സിലാവാഞ്ഞിട്ടല്ല, മനസ്സില്ലാഞ്ഞിട്ട്

                                                     അഴിമതിയുടെ കാര്യത്തില്‍ ഭരണ പക്ഷത്തിനു നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്‌ ആണെങ്കില്‍ പ്രതിപക്ഷത്ത്‌ അപ്പണി ഭംഗിയായി നിര്‍വഹിക്കുന്നത് ബി.ജെ.പി യാണ്. ആര് മുന്നില്‍ ആര് മുന്നില്‍ എന്ന വാശിയോടെ ഈ രണ്ടു പാര്‍ടികളും നല്ല മത്സരത്തിലുമാണ്. മന്മോഹനും മദാമ്മ യുമൊക്കെ ഭരണപക്ഷത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ബി.ജെ.പി യിലതിനു നേതൃത്വം കൊടുക്കുന്നത് അവരുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തന്നെയാണ്.അഴിമതിയുടെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദം കാണിക്കാതെ അഴിമതിക്കുള്ള മാര്‍ഗങ്ങള്‍ പരസ്പരം പങ്കു വെക്കണമെന്ന ആഗ്രഹം കൂടിയുള്ളത് കൊണ്ടാവണം അഴിമതിയുടെ ഉസ്താദ് ശരത് പവാറുമായും ടിയാന്റെ പുത്രന്‍ അജിത്‌ പവരുമായുമൊക്കെ ഗഡ്കരിജി വളരെ അടുത്ത ബന്ധമാണ് നിലനിര്ത്തിപ്പോരുന്നത്. റോഡുകളും ഫ്ലൈ ഓവറുകളും നിര്‍മിക്കുന്നതില്‍ അഴിമതി നടത്താന്‍ കാണിച്ച മിടുക്ക് കൊണ്ടാവണം നിതിന്‍ ഗഡ്കരിജി ഫ്ലൈ ഓവര്‍ മാന്‍ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്
                                                       ടിയാന്‍ ഈയിടെ ഒരബദ്ധത്തില്‍ ചെന്ന് ചാടി. ചാടിക്കഴിഞ്ഞാണല്ലോ അതൊരബദ്ധമായിരുന്നെന്നു നാമൊക്കെ തിരിച്ചറിയുന്നത്‌. പക്ഷെ പുള്ളി ചാടിയതിനെ ഒരബദ്ധമാക്കി മാറ്റുകയായിരുന്നു മറ്റുള്ളവര്‍ എന്ന് വേണം പറയാന്‍.... സ്വാമി വിവേകാനന്ദനേയും ദാവുദ് ഇബ്രാഹിമിനെയും താരതമ്മ്യം ചെയ്തു ടിയാന്‍ സംസാരിച്ചതാണ് വലിയ പുകിലായത്. സത്യത്തില്‍ അത്ര ബഹളം വെക്കാനുള്ള കാര്യമൊന്നും ആ താരതംമ്യത്തിലില്ല.പക്ഷെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ടിയാനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഈ യവസരമുപയോഗിച്ചാല്‍ നാമെന്തു ചെയ്യും! ഒരേ ഐ ക്യൂ വുള്ള രണ്ടു പേരാണ് വിവേകാനന്ദനും ദാവുദ് ഇബ്രാഹിമും, ഒരാള്‍ തന്റെ ബുദ്ധി രാഷ്ട്ര നിര്മാണത്തിനുപയോഗിച്ചു, മറ്റെയാള്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചക്കും എന്നാണദ്ധേഹം പറഞ്ഞത് .സത്യത്തില്‍ ഇതിലിത്ര കോപിക്കാനോ സങ്കടപ്പെടാനോ ഇല്ല. പക്ഷെ തക്കം പാര്തിരിക്കുന്നവര്‍ തക്കാളി കണ്ടാലും വെടിവെക്കുമല്ലോ.

                              രാമുവും കോമുവും ഓരോ കത്തി വാങ്ങി. രാമു കത്തികൊണ്ടോരാളെ കൊന്നു കോമുവാവട്ടെ കത്തിയുപയോഗിച്ച് വഴിയിലെ കാടും പടലും മുള്ളും വെട്ടി വൃത്തിയാക്കി. ഇതുപോലെ സുതരാം വ്യക്തമായ ഒരു താരതംമ്യമേ ഗഡ്കരിജി നടത്തിയിരുന്നുള്ളു. പറഞ്ഞിട്ടെന്തു? മോഡിയെപ്പോലെ വിഷമേറെയുള്ള വര്‍ഗങ്ങള്‍ക്ക് നേതൃ സ്ഥാനം ഒരുക്കിക്കൊടുക്കണമെന്നു ഒരു കൂട്ടര്‍ക്ക് തോന്നിയാല്‍ പിന്നെ ഗഡ്കരിജി എന്ത് പറഞ്ഞാലും, ഇനി മിണ്ടാതിരുന്നാലും അത് വിവാദമാവുമായിരുന്നു!

                 എനിക്ക് മനസ്സിലാവാത്ത ഒരു തമാശ ഗഡ്കരി മാപ്പ് പറയണമെന്ന ചിലരുടെ ആവശ്യമാണ്‌.... ആരോടാണ് ഹേ അങ്ങേര്‍ മാപ്പ് പറയുക? സ്വാമി വിവേകാനന്ദ നോടാണെങ്കില്‍ അദ്ദേഹം മരണമടഞ്ഞിട്ടു കാലമേറെയായി.ഏതായാലും ദാവുദ് ഇബ്രാഹിമിനോടല്ലല്ലോ? അല്ലല്ലോ? തീര്‍ച്ചയാണേ?

3 comments:

പട്ടേപ്പാടം റാംജി said...

തക്കം പാര്തിരിക്കുന്നവര്‍ തക്കാളി കണ്ടാലും വെടിവെക്കുമല്ലോ.

ajith said...

ഗഡ് “കരി”

Shahida Abdul Jaleel said...

രാമുവും കോമുവും ഓരോ കത്തി വാങ്ങി. രാമു കത്തികൊണ്ടോരാളെ കൊന്നു കോമുവാവട്ടെ കത്തിയുപയോഗിച്ച് വഴിയിലെ കാടും പടലും മുള്ളും വെട്ടി വൃത്തിയാക്കി.