Saturday, June 18, 2011

കാറ്റ് വില്‍ക്കാം,കോടീശ്വരനാവാം

                                                                       വര്‍ത്തമാന കാല ഇന്ത്യയില്‍ എളുപ്പം പണമുണ്ടാക്കാവുന്നതും ഒട്ടേറെ അനുയായികളെ നേടിയെടുക്കാവുന്നതും ആയ ബിസിനെസ്സേതു എന്ന ചോദ്യത്തിനുത്തരം കാറ്റ് വില്‍പ്പന എന്നാണ്‌.അന്തരീക്ഷതതിലൂടെ വെറുതെ പാറിപ്പറന്നു കടന്നു പോവുന്ന കാറ്റിനെ ശരീരതതിനെങ്ങിനെ പ്രയോജനപ്പെടുതതാമെന്നു സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പ് തന്നെ നിസ്വാര്‍തരായ മാമുനിമാര്‍ പഠിപ്പിച്ചിട്ടുണ്ട്. ലൌകികമായ സുഖ സൌകര്യങ്ങള്‍ വെടിഞ്ഞു മാനവ കുലത്തിനു സേവനം ചെയ്തിരുന്നവാരായിരുന്നല്ലോ അവര്‍.!

                                   വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ വേശ ഭൂഷാധികള്‍ മാത്രം അനന്തരമെടുത്തു അവരുടെ മനസ്സിന്റെ നന്മകളൊരു തരത്തിലും
അനുകരിച്ചു കൂടെന്ന വാശിയോടെ വേഷ പ്രച്ചന്നരായ ഒട്ടനേകം സ്വാമിമാരുടെ നാടായിരിക്കുന്നു ഇന്ത്യ. വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹീറോയായ ബാബ രാംദേവിനെ നോക്കൂ. കോടികളുടെ ആസ്തിയുള്ള ഈ സന്ന്യാസിയുടെ മുടക്ക് മുതലെന്താണ്? വലിയൊരു ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ധേഹത്തിന്റെ മൂല ധനമെന്തായിരുന്നു? ഉത്തരം "കാറ്റ്" എന്നാണ്‌.

                                                         ഞാന്‍ പറയുന്നത് കളവണെങ്കില്‍ ബാബ രാംദേവിന്റെ ജീവ ചരിത്രം പരിശോധിച്ച് നോക്കൂ. ഒരു സാധാരണ കുടുമ്പത്തില്‍ പിറന്ന ഇദ്ദേഹം കൂടുതല്‍ കാലം സ്കൂളിലും
കോളേജിലും പോയി സമയം വെറുതെ കളഞ്ഞില്ല.യോഗ വിദ്യയില്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല. പരമ്പരാഗതമായി കിട്ടിയ അറിവ് കാശാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു ഇന്നിപ്പോള്‍ 1100 കോടിയാണത്രേ കക്ഷിയുടെ ആസ്തി!

                               വടക്ക് ഭാഗത്തെ യോഗ സ്നേഹികള്‍ക്ക് രാം ദേവാണ്. യോഗാചാര്യനെങ്കില്‍ ഇങ്ങു തെക്ക് കുത്തകയവകാശപ്പെടുന്നത്. ശ്രീ ശ്രീ( രണ്ടെണ്ണം മതിയോ? ) രവിശങ്കര്‍ ആണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവിശങ്കറിന്റെ യോഗ കേന്ത്രങ്ങള്‍ക്കും ലോകത്ത് പലയിടത്തും ശാഖകളുണ്ട്. യോഗക്ക്" ആര്‍ട്ട് ഓഫ് ലിവിംഗ്" എന്ന് പേരിട്ടു വിപണനം നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം തന്റെ പുതിയ കണ്ട് പിടുത്തം ആണെന്ന മട്ടില്‍ പ്രാണായാമത്തിനു മറ്റു ചില പേരുകള്‍ നല്‍കിയിരുന്നു. ഒരു പത്തു വര്‍ഷം മുമ്പ് ഇവരുടെ ഒരു കേമ്പില്‍ തിരുവനതപുരത്ത് ഞാനും പങ്കെടുത്തിരുന്നു.

                                                യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകങ്ങള്‍ വായിച്ചു യോഗയിലും പ്രകൃതി ചികിത്സയിലും ഒരിത്തിരി കമ്പം കയറിയ നാളുകളില്‍, യു,ജി സി യുടെ ഒരു കോഴ്സില്‍ പങ്കെടുക്കവേ ഒഴിവു ദിവസങ്ങളില്‍ അവിടെയടുതൊരു ആര്‍ട്ട് ഓഫ് ലിവിംഗ് കേമ്പുണ്ടെന്നു കേള്‍ക്കുന്നത്. യോഗയോട് കമ്പം കയറിയ എന്റെ ഒരു സുഹൃത്തിനോടൊപ്പം കേമ്പില്‍ പങ്കെടുത്തു. പുതിയതായി ഒന്നുമില്ല. ഒരു ഡിസ്കഷന്‍ സെഷനില്‍ ജീവ വായു, മൃത വായു എന്നൊക്കെയുള്ള പദങ്ങളുടെ അര്‍ത്ഥത്തെ ചൊല്ലി ചില തര്‍ക്കങ്ങളുണ്ടായി. മനുഷ്യന് ഒക്സിജെന്‍ ജീവ വായുവും ഉച്ച്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൃത വായുവുമാണെങ്കില്‍ ചെടികളെ സ്സമ്പന്ധിച്ചു കാര്യങ്ങള്‍ തിരിച്ചല്ലേ എന്ന എന്റെ ചോദ്യത്തിനു ത്രുപ്തികരമായൊരു മറുപടി ലഭിച്ചില്ല.
                                                                      

                                                      എനിക്കുണ്ടായിരുന്ന ഒരു പാട് സംശയങ്ങള്‍ ബാക്കിയായിക്കൊണ്ടാണ് ഒരു വലിയ സംഖ്യ മുടക്കിയ ഞാനടക്കമുളള പലരും പുറത്തു പോന്നത് എന്റെ ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. യോഗയില്‍ പ്രാണ വായുവിനു പ്രധാനമായൊരു സ്ഥാനമാണുള്ളത്. വായു മലിനീകരണമേറിയ പട്ടണങ്ങളില്‍ ( ഉദാഹരണത്തിന് ദല്‍ഹി )യോഗ ചെയ്യുന്നവര്‍ ഈ മലിന വായുവിനെയല്ലേ മൂക്കിലൂടെ വലിച്ചു കേറ്റി കുറെ നേരം
ശരീരത്തില്‍ തങ്ങി നിര്‍ത്തുന്നത്? അത് ആരോഗ്യകരമായൊരു സമീപനമാണോ? .

                                          ചോദ്യങ്ങള്‍ക്കൊന്നും പഴുതില്ല. 31 ചാനലുകളാണ് ബാബ രാംദേവിന്റെ യോഗ മുറകള്‍ സംപ്രേഷണം ചെയ്യുന്നത്. എയ്ഡ്സിന് മരുന്നായി യോഗയും കാന്‍സറിനു മരുന്നായി പ്രാണായാമവും അദ്ദേഹം " കണ്ട് പിടിച്ചിട്ടുണ്ട്". ശ്രീ ശ്രീ രവി ശങ്കറുടെ
ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികള്‍ക്കും ഒട്ടേറെ പേര്‍ പങ്കെടുക്കുന്നുണ്ട്. ഉയര്‍ന്ന ഫീസാണ് ഇതിനൊക്കെ ഈടാക്കുന്നത്.

                                             അത് കൊണ്ട് യോഗ പഠിച്ചോളൂ. സംശയമില്ല അത് ആരോഗ്യപൂര്ണമായ ജീവിതത്തിനു വളരെ നല്ലതാണ്. " വല്ലഭനു പുല്ലും ആയുധം" എന്ന് കേട്ടിട്ടില്ലേ. മനസ്സ് വെച്ച് ചില ഗിമ്മിക്കുകളിലൂടെ അവതരിപ്പിച്ചാല്‍ കാറ്റ് വിറ്റ് കോടീശ്വരനാവാം.  രാം ദേവിനെ
ഒരു മാതൃകയാക്കി  കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാതിരിക്കാനുള്ള
 മിനിമം ബുദ്ധി സ്വന്തമായുണ്ടായാല്‍ നന്ന്.

                                                ഇതൊക്കെ പറയുമ്പോഴും എന്തിനും ഒരു യോഗം വേണമെന്നത് മറക്കുന്നില്ല

           ഒടുക്കത്തെ സംശയം: യോഗാചാര്യ ഗോവിന്ദന്‍ നായര്‍ എന്റെ   അറിവില്‍ പെട്ടെടത്തോളം യോഗയെക്കുറിച്ചും  പ്രകൃതി   ചികിത്സയെക്കുറിച്ചും ആധികാരികമായ അറിവുള്ള പല യോഗാചാര്യന്മാരില്‍ ഒരാളാണ്.( ചില നല്ല പുസ്തകങ്ങളും ഇദേഹതിന്റെതായുണ്ട്) ഔപചാരികമായും നല്ല വിദ്യാഭ്യാസവുമുള്ള ഇത്തരം ആളുകളെ വിട്ടു ജനങ്ങളെന്തേ തരികിട
 സ്വാമിമാരുടെ പിറകെ പോകുന്നു?

6 comments:

- സോണി - said...

തരികിട സ്വാമിമാര്‍ക്ക് കച്ചവടം അറിയാം, അതാ വ്യത്യാസം.

കാവലാന്‍ said...

കള്ളന്മാരായ രാഷ്ട്രീയക്കാരും കലാപകാരികളായ ക്രിമിനലുകളും ഇന്ത്യയുടെ സമ്പത്തും സമാധാനവും കൊള്ളയടിച്ച് വിദേശത്തേക്കുകടത്തുകയും, അവിടെ സസുഖം ആഢംഭരപൂര്‍വ്വം ജീവിതം കൊണ്ടാടുകയും ചെയ്യുന്നു. അവനെയൊക്കെ വല്ലതും പറഞ്ഞാല്‍ പോലും മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും പേരില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബൗദ്ധീക ശുനകന്മാര്‍ കാറ്റനങ്ങിയാല്‍ കുരക്കുന്നതില്‍ അത്ഭുതമില്ല.വിറ്റു പോകാന്‍ മറ്റൊന്നും ബാക്കിയില്ലാത്ത നാട്ടില്‍ കാറ്റു വിറ്റ് വിദേശിയുടേയും സ്വദേശിയുടേയും പണം വാങ്ങുകയും അതിലൊരു പങ്ക് പാവങ്ങള്‍ക്ക് പങ്കിട്ടുകൊടുക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥതയുള്ള കാതില്‍ കടുകുപോയ ഈ വഹകള്‍ ഒന്നോര്‍ക്കുന്നതു നന്ന് ഇവരെയാരും വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നോ, പാപികളായിത്തീരുമെന്നോ ഇവരാരും പ്രസംഗിക്കുന്നില്ല.ഡിമാന്‍റുള്ള ചരക്കിന് മാര്‍ക്കറ്റുണ്ടാവും സമര്‍ത്ഥനായ മനുഷ്യര്‍ അത് മനസ്സിലാക്കി അവസരം മുതലെടുക്കും.അതില്‍ തന്നെ മഹാന്മാരായമനുഷ്യര്‍ അതിലൊരുപങ്ക് ജാതിമതഭേതമന്യേ മനുഷ്യര്‍ക്ക് പങ്കിട്ടു കൊടുക്കും വേലിക്കപ്പുറം നിന്ന് കുരയ്ക്കുന്നവയായാലും അവരെയും അവര്‍ ഒഴിവാക്കാറില്ല.

Akbar said...

ഭക്തിയുടെ പരിവേഷം കൊടുത്താല്‍ എന്തും എളുപ്പം മാര്‍ക്കറ്റിംഗ് ചെയ്യാം.
പ്രസക്തമായ ഒരു കാലിക വിഷയം. നന്നായി എഴുതി.

ഷബീര്‍ - തിരിച്ചിലാന്‍ said...

നന്നായി പറഞ്ഞു.. ആശംസകള്‍

ഫൈസല്‍ ബാബു said...

ബാബാ രാം ദേവിന്റെ ഉദ്ധേശശുദ്ദി ഇന്ന് പകല്‍ വെളിച്ചം പോലെ ഭോധ്യപെട്ടിരിക്കയാണ് ..എന്നാലും പലര്‍ക്കും ഇതുകൊണ്ടൊന്നും ഒരു കുലുക്കവും ഉണ്ടാകില്ല ...നാളെ ഇതു പോലെ വേറൊരു രാംടെവുമാര്‍ വന്നാല്‍ നമ്മള്‍ അവര്‍ക്ക് പിന്നാലെയും പോകും ..

നിരീക്ഷകന്‍ said...

തന്നെത്തന്നെ സ്വയം ഒരു പ്രോഡക്റ്റ് ആയി കാണുകയും അത് നല്ല രീതിയില്‍ മാര്‍കറ്റിന്ഗ് നടത്തുകയും ചെയ്യുന്നവന് മാത്രമേ ഇക്കാലത്ത് വിജയിക്കാന്‍ കഴിയൂ