Wednesday, May 4, 2011

ഇത്ര നിസ്സാരമണോ സാര് പൌരസ്വാതന്ത്ര്യം?

                                                              ആദ്യം അതിന്റെപേരു ബന്ത് എന്നായിരുന്നു. ആര്ക്കും എവിടെ വെച്ചും എപ്പോള് വേണമെങ്കിലും പ്രഖ്യാപിക്കാവുന്ന ഒന്ന്. നാളെ ബന്താണെന്നുആരെങ്കിലുമൊന്നു പ്രഖ്യാപിക്കും. മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത ഒരു സംഘടനയുടെ നേതാവ്.(വടക്ക് ബോംബു സ്ഫോടനമുണ്ടാവുംപോള് നമ്മുടെ രഹസ്സ്യാന്വേഷണ വിഭാഗം പറയുന്ന ചില പേരുകളില്ലേ അതുപോലെ യുള്ള ഏതെങ്കിലുമൊരു പേരാവും) പിന്നെ ഒരൊറ്റയൊരുത്തനും പുറത്തിറങ്ങില്ല. ബന്ത് പ്രഖ്യാപിച്ചവനും ശിങ്കിടികളും തലേന്ന് കൊണ്ടുവെച്ച പട്ടച്ചാരായവും കോഴിയിറച്ചിയും അകത്താക്കി മാളത്തില് കഴിയും.പുറത്തു ബന്ദ് വിജയിപ്പിക്കാന് പാവം ചില പൂച്ചകളെ അയക്കും. അവ "വേട്ടയാടി വിളയാടി" ബന്ത് വിജയിപ്പിക്കുന്ന പണി കളിലേര്പ്പെടും.

                                                                 വിളയാടലില് കുറച്ചു പേര്ക്ക് ജീവന് പോവും,ചിലര്ക്ക് അംഗ ഭംഗം സംഭവിക്കും,മറ്റു ചിലര്ക്ക് ധനനഷ്ടവും മാനനഷ്ടവും മിച്ചം. ബന്ത്സമയത്ത് നിങ്ങള് പുറത്തിറങ്ങാന് നിര്ബന്ധിതരായിട്ടുണ്ടോ? ഒന്നിറങ്ങി നോക്കണം!നാഞ്ഞൂലിനു വിഷമേറുന്നതെങ്ങിനെ എന്ന നിങ്ങളുടെ സംശയത്തിനു മറുപടി കിട്ടും. എനിക്കനുഭവമുണ്ട്.ഒരു മരണ വീട്ടില് പോവേണ്ടി വന്ന ആ ഒരൊറ്റ അനുഭവം ഓര്ക്കാന് വയ്യ. 13 കിലോ മീറ്റര് ദൂരം താണ്ടാന് എത്ര പെരോടാണ് ഞാന് സമാധാനം പറയേണ്ടി വന്നത്.അധികവും പരിഹാസം കലര്ന്ന ചോദ്യങ്ങള്.

                                        ജനങ്ങള് വല്ലാതെ കഷ്ടപെടുന്നുവെന്നു കണ്ടപ്പോഴാണ് കോടതി ഇടപെട്ടത്.ബന്ത് നിരോധിച്ചു. ജനങ്ങള് ആശ്വസിച്ചു. സൃഗാല ബുദ്ധിയുണ്ടോ അടങ്ങിയിരിക്കുന്നു! ബന്ത് ഇല്ലെങ്കില് ഹര്ത്താല് ആവാലോ. വാട്ട് ആന് ഐഡിയ! ഹര്ത്താല് പ്രഖ്യാപിച്ചു മാളത്തിലൊളിക്കാന് തുടങ്ങി. ഹര്താലല്ലെയുള്ളൂ, ജനം പുറത്തിറങ്ങി.പൊതിരെ കിട്ടി അടി. എന്ത് വ്യത്യാസം? അത് താനല്ലേയിത് എന്ന സന്ദേഹത്തിനൊന്നും പഴുതില്ല രണ്ടും ഒന്ന് തന്നെ. പേര് മാത്രം വ്യത്യാസം. രണ്ടിന്ടെയും അര്ത്ഥമറിയാന് രാഷ്ട്രീയ നിഘണ്ടു പരതി. "ഞാന് പ്രതിഷേധിക്കുന്നു, അതുകൊണ്ട് നീ പുറത്തിറങ്ങരുത്" എന്ന് അര്ഥം.

                                                കോടതിയെ പറ്റിച്ചേ എന്ന മട്ടില് ഹര്ത്താലുകള് പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. വിനയരും കുനയരുമായ പ്രജകള് തലേ ദിവസം തന്നെ ബിവറേജസ് ഔട്ട്ലെറ്റ്കള്ക്ക് മുന്നില് തിക്ക് കൂടി ബോട്ടിലൊപ്പിച്ചു കടയില് നിന്ന് ഒരു കോഴിയുടെ കഴുത്തില് പിടിച്ചു വീട് പൂകി, ടി.വി.ഓണാക്കി ആഘോഷിക്കും ഓരോ നിമിഷവും.
അതിശയോക്തി കലര്ത്തിപ്പറയുന്നതല്ല ആറ് മാസത്തിനുള്ളില് ഇരുപത്തി നാല് ഹര്ത്താലുകള് നടത്തിയ മഹാന്മാരാണ് കേരളീയരെന്നൊരു വാര്ത്ത 2010 ജൂലൈ 6 ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തിരുന്നു. അതിലെ വിശദാംശങ്ങള് ഇങ്ങിനെ വായിക്കാം. സാധാരണ കേരള സ്റ്റേറ്റ് ബിവരേജെസ് കൊര്പോരേഷന് വഴി ഒരു ദിവസം ശരാശരി 12കോടി രൂപയുടെ വില്പ്പന നടക്കുന്നു. എന്നാല് ഹര്ത്താലിന്റെ തലേ ദിവസം ഇതില് മൂന്നു കോടിയിലധികം അധിക വില്പ്പനയുണ്ടാകും.!(2009 ല് നടന്ന 50 ഹര്താലുകളുടെ തലേ ദിവസം ഇങ്ങനെ 5 , 539 കോടി രൂപയുടെ അധിക വില്പ്പന നടന്നുവത്രേ.) കേരള സ്റ്റേറ്റ് പൌള്ട്രി ടവലപ്മെന്റ്റ് കോര്പോരഷന് നടത്തുന്ന ഓരോ റസ്ടോരന്റിലും ഹര്ടാലിനു തലേ ദിവസം ഒരു ലക്ഷം രൂപയുടെ അധിക വില്പന നടക്കുമത്രെ!

                                        പോയ വാരത്തില് കേരളത്തിലൊരു ബന്ത്, സോറി ഹര്ത്താല് നടത്തിയല്ലോ, എന്തിനായിരുന്നു അത് എന്ന സംശയത്തില് നിന്നാണ് ഈ കുറിപ്പുണ്ടാവുന്നത്. ഒരാള്ക്കും സംശയമില്ലാത്ത കാര്യമായിരുന്നു എന്ടോസള്ഫാന് നിരോധിക്കണമെന്നത്. കാസര്കോട്ടെ ആ പാവം മനുഷ്യരെ കുറിച്ചറിയുന്ന ഒരാള്ക്കും എന്ടോസള്ഫാനെന്ന മാരക കീട നാശിനിയെ അംഗീകരിക്കുക സാധ്യമല്ല. തന്നെയുമല്ല ആ മാരക കീടനാശിനിയുടെ ദുരന്തങ്ങള് സാവധാനം മററിടങ്ങളിലുള്ളവരും അനുഭവിക്കേണ്ടിവരും, വെള്ളത്തിലൂടെ,ഭക്ഷണത്തിലൂടെ, വിവാഹ ബന്ധങ്ങളിലൂടെ.

                                        ഒത്തിരി രാഷ്ട്രീയ പരമായ ബാധ്യതകളുന്ടായിട്ടും കേരളത്തിലെ കോന്ഗ്രെസ്സ് പാര്ട്ടി പോലും എന്ടോ സള്ഫാന് നിരോധിക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു. സ്റ്റോക്ക് ഹോമില് ഇന്ത്യ ഗവണ്മെന്റിന്റെ ശ്രമം പരാജയപ്പെട ണമെന്നാണ്തന്റെ ആഗ്രഹവും പ്രാര്തനയുമെന്നു സകലമാന മീഡിയയുടെയും മുമ്പില് ധീരമായി പറഞ്ഞത് ഒന്നാം നമ്പര് കോന്ഗ്രെസ്സുകാരനായ വി. എം. സുധീരനായിരുന്നു.(ഈ ഒരു ധൈര്യം കൊണ്ഗ്രെസ്സിലല്ലാതെ മറ്റേതു പാര്ടിയിലാണ് കാണിക്കാനാകുക!)

                                                                      സ്റ്റോക്ക് ഹോമില് എന്ടോസള്ഫാന് നിരോധനത്തിനുള്ള സാധ്യത ഹര്ത്താല് ദിവസത്തിന് രണ്ടു ദിവസം മുമ്പ് തന്നെ നാമറിഞ്ഞു തുടങ്ങിയിരുന്നു. കേരളത്തില് നടന്ന മറ്റെല്ലാ പ്രധിഷേധങ്ങളും എന്ടോസള്ഫാന് നിരോധനത്തിന് പ്രേരകമായിട്ടുണ്ട്. പക്ഷെ നാം കൊണ്ടാടിയ ആ ഹര്ത്താല് അതിനൊരു പ്രേരകമായിരുന്നില്ല.( പ്രേരകമാവാന് സമയം കിട്ടിയില്ലെന്ന് വേണമെങ്കില് പറയാം)

                                                 മറ്റെല്ലാ ദിവസങ്ങളെയും പോലെതന്നെ ഹര്താല് ദിവസങ്ങളിലും മനുഷ്യന് രോഗം വരും, മരണം സംഭവിക്കും, മനുഷ്യര് വിദൂര ദിക്കുകളില് നിന്ന് യാത്ര ചെയ്തു എയര് പോര്ടിലും റയില്വേ സ്റെറഷനിലും ബസ് സ്റ്റാന്റിലും എത്തിച്ചേരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്. ഹര്താല് ദിവസവും വാടകക്കെടുത്ത കടകള്ക്ക് വാടക കൊടുക്കണം, ജോലിക്ക് വരുന്നില്ലെങ്കിലും അവിടത്തെ തൊഴിലാളിക്ക് കൂലി കൊടുക്കണം

                                                                           സ്വമേധയാ ജനങ്ങളൊന്നടങ്കം സകല ഏര്പ്പാടുകളും നിര്ത്തി വെച്ച് നടത്തുന്ന ഒന്നായിരുന്നുവെങ്കില് നമുക്ക്
സമ്മതിക്കാമായിരുന്നു. അപ്പോഴതില് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ട്. പൌര സ്വാതന്ത്ര്യം നിഷേധിച്ചു മസില് പവറില് ചുട്ടെടുക്കുന്ന ഹര്ത്താല്, ബന്ത് (വിജയങ്ങള്) അനുവദിക്കാനാകില്ലെന്നു ഓരോ വ്യക്തിയും ഉറക്കെ തന്നെ പറയണം.മറ്റൊരു മാര്ഗവും നോക്കിയിട്ട് കാണുന്നില്ല.

അഭിനന്ദനങ്ങള്
ജനീവയില് എന്ടോ സള്ഫാന് നിരോധനത്തിന് പ്രേരകമായി കഠിനമായി പ്രയത്നിച്ച ഡോ.മുഹമ്മദ് അശീല് ഡോ. ജയകുമാര് എന്നിവര്ക്ക്. മുമ്പ് ഓസ്കാര് ജേതാവ് റസൂല് പൂക്കുട്ടിക്കു നല്കിയതിലും ഗംഭീരമായ സ്വീകരണങ്ങള് ഇവര് അര്ഹിക്കുന്നുണ്ട്

4 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

ജനജീവിതം ദുഷ്കരമാക്കാതെ എന്ത് തന്നെ നടത്തിയാലും അതൊന്നും ശ്രദ്ദിക്കപ്പെടില്ല. ഒരുതരത്തില്‍ ജനങ്ങള്‍ ഹര്‍ത്താല്‍ ഒരു ആഘോഷമായി മാറ്റികഴിഞ്ഞു. അസുഖവും, അത്യാഹിതവും, മുന്‍കൂട്ടി നിശ്ചയിച്ച ചടങ്ങുകളും ഒഴിച്ചാല്‍ ഹര്‍ത്താല്‍ എല്ലാവര്‍ക്കും ആഘോഷദിവസം... എല്ലാം രാഷ്ടീയക്കാരന്റെ മായ... ഇവിടെ ഓര്‍മ്മ വരുന്നത് സന്ദേശം എന്ന സിനിമയിലെ ശങ്കരാടിയുടെ ഡയലോഗാണ്...

'വെള്ളിയാഴ്ച ബന്ദ് പറ്റില്ല, അന്ന് എന്റെ മകളുടെ കുഞ്ഞിന്റെ ചോറൂണാണ്'

ആശംസകള്‍

Akbar said...

ബന്ധു നിരോധിച്ചപ്പോള്‍ ഹര്‍ത്താലായി. ഫലത്തില്‍ ഇത് രണ്ടു ഒന്നും തന്നെയല്ലേ. ഹര്‍ത്തലായാലും ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടിന് ഒരു കുറവും ഇല്ല. എന്നാല്‍ എന്ടോ സള്‍ഫാന്‍ പോലുള്ള ഒരു പ്രശ്നം പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ ആഴട്ട്തില്‍ പതിയെണ്ടാതുണ്ട്. അത് കൊണ്ട് തന്നെ ഈ ഹര്‍ത്താല്‍ ഒരു അനാവശ്യമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

Haneefa Mohammed said...

എന്തിന്റെ പേരിലായാലും ജനങ്ങളുടെ സ്വൈര ജീവിതം തടസ്സപ്പെടുത്തുന്ന, സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ഒന്നും ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല

cheriyon said...

എന്നെ അത്ഭുത പെടുത്തുന്നത്‌,ഇപ്പോഴാരും ഇതൊരു ചര്ച്ചയായിപ്പോലും എടുക്കുന്നില്ലെന്നുള്ളതാണ്.ഒറ്റപ്പെട്ട ഇത്തരം വാക്കുകള്‍ക്കു ,പിന്നീട് ഫലം കാണും
എന്നതുറപ്പ്