Friday, September 20, 2013

ക്രിമിനൽ രാജാവിനു പ്രജകൾ വെറും കൃമികൾ

                                 വല്ലപ്പോഴുമൊക്കെ നമുക്ക് ആശ്വാസം തരുന്നതും നമ്മെ സന്തോഷിപ്പിക്കുന്നതുമായ വാർത്തകൾകിട്ടാറുണ്ട് . നാംഇന്ത്യക്കാരുടെ കാര്യമാണ് പറയുന്നത്.കുറ്റവാളികളായ എം.പി.മാരെയും എം.എൽ.എ മാരെയും അയോഗ്യരാക്കിക്കൊണ്ട് ഇന്ത്യയുടെ പരമോന്നത നീതി പീOമായ സുപ്രീം കോടതി ഒരു ചരിത്ര വിധി പ്രസ്താവിക്കയുണ്ടായി.ജന പ്രാധിനിധ്യ നിയമത്തിലെ എട്ടു (നാല്) വകുപ്പിൽ പിടിച്ചാണ് ക്രിമിനലുകളായ "ജനപ്രതിനിധികൾ" നിയമ നിര്മാണ സഭകളിൽ തുടര്ന്നിരുന്നത്.    ഈ വകുപ്പ് പ്രകാരം എം.പി യോ എം എൽ എ യോ ആയ ശേഷം ഒരാൾ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയാൽ മൂന്നു മാസത്തിനകം അപ്പീൽ നൽകിയാൽ മതിയായിരുന്നു.അപ്പീലിന്മേൽ കോടതി തീര്പ്പു കല്പ്പിക്കുന്നത് വരെ ഇവർ അയോഗ്യരാകില്ല! ഈ വകുപ്പ് ഭരണ ഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്പ്രീം കോടതി, കുറ്റം ചെയ്തതായി ഏതു കോടതി കണ്ടെത്തിയാലും ആ ദിവസം തൊട്ടു ക്രിമിനൽ ജന പ്രധിനിധികളുടെ അയോഗ്യത വ്യകതമാക്കിയിരുന്നു ഈ തീര്പ്പു പുനപ്പരിശോധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  സുപ്രീം കോടതിയുടെ ഒരു ചോദ്യത്തിന് മറുപടിയുണ്ടായില്ല."ഒരു സ്ഥാനാര്തിക്ക് ജയിലിലിരുന്നും മത്സരിക്കാം,ഒരു വോട്ടർ ജയിലിലാണെങ്കിൽ വോട്ടു ചെയ്യാൻ പാടില്ല! ഏതു തരം നിയമമാണിത്?"
                                പക്ഷെ ഇന്ത്യയിലെ പരശതം രാഷ്ട്രീയ പാർട്ടികൾ ഈ വിധിയെ സ്വാഗതംചെയ്ത്‌,  സത്യസന്ധരും നീതിമാാന്മാരുമായവരെ മാത്രമേ ഞങ്ങൾ സ്ഥാനാര്തികളാക്കൂ എന്ന് പ്രഖ്യാപിക്കുന്നതിനു പകരം സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനുള്ള നിയമ ഭേദഗതി രാജ്യ സഭയിലും ലോക സഭയിലും. പാസ്സാക്കിയെടുക്കാനുള്ള തത്രപ്പാടിലാണ്.                                         .( രാജ്യ സഭയിലിത്  പാസ്സായിക്കഴിഞ്ഞു.) മുഴുവൻ  രാഷ്ട്രീയ കക്ഷികളും ഈ നീക്കത്തെ പിന്തുണച്ചിട്ടുമുണ്ട്.
                          കൊള്ളാവുന്ന ഭരണാധികാരിയെ കിട്ടാൻ, ക്രിമിനലുകളായ എം.പി മാരിൽ നിന്നും എം. എൽ. എ മാരിൽ നിന്നും മോചനം ലഭിക്കാൻ, സാധാരണക്കാരനിനി എന്ത് ചെയ്യണം? സംശുദ്ധ രാഷ്ട്രീയം എന്നത് ഒരു വ്യർത്ഥ സങ്കൽപ്പമായി മാറുമോ? അഭിനവ ഹിറ്റ്ലർമാരും മുസ്സോളിനിമാരും പിന്നെ മോഡിയുമൊക്കെ നമ്മെ ഭാരിച്ചേ അടങ്ങൂ എന്ന വാശിയിലാണ്!    

Sunday, May 26, 2013

എന്താ കോണ്ഗ്രസെ നന്നാവാത്തെ?

                                                     ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാൽ കോണ്ഗ്രസ് പാര്ട്ടി പിരിച്ചു വിടണമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു.ഗാന്ധിസം പേരിനൊരലങ്കാരമായി കൊണ്ട് നടക്കുന്ന കൊണ്ഗ്രസ്സുകാർ പക്ഷെ അത് ചെവിക്കൊണ്ടില്ല.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോണ്ഗ്രസ്സിന്റെ പല ചെയ്തികളും കണ്ടപ്പോൾ ഗാന്ധിയുടെ ദീർഘ വീക്ഷണത്തെ വിവരമുള്ളവർ സമ്മതിച്ചു കൊടുത്തതാണ്. വര്ത്തമാന കാലത്തെ കോണ്ഗ്രസ്സിന്റെ പോക്ക് കണ്ടാൽ എന്തൊരു ദീർഘ വീക്ഷണമായിരുന്നു നമ്മുടെ രാഷ്ട്ര പിതാവിന്റെതെന്ന അദ്ഭുതത്താൽ നിങ്ങളും മൂക്കത്ത് വിരൽ വെച്ച് പോവും! കെ.പി.സി. സി.എന്ന സംഘടനയുടെ തലപ്പത്ത് ഒരു പ്രസിഡണ്ടുണ്ട്.അദ്ദേഹം ആ സംഘടനയിലെ എല്ലാവരുടെയും പ്രസിഡന്റായാണ് കാണപ്പെടെണ്ടത്‌.എന്നാൽ കൊണ്ഗ്രസ്സിൽ അങ്ങിനെയല്ല.തലപ്പത്തിരിക്കുന്ന ഏതു ഭാരവാഹിയും ഒരു ഗ്രൂപ്പിന്റെ നേതാവായിരിക്കും.കേരളത്തിലെ കൊണ്ഗ്രെസ്സു പാര്ട്ടിയുടെ നേതാവ് ഐ ഗ്രൂപ്പിന്റെ നേതാവാണത്രെ! അപ്പോൾ ബാക്കി വരുന്ന ഗ്രൂപ്പുകാരുടെ പ്രസിഡണ്ട് ആരാണെന്ന സാധാരണക്കാരുടെ ചോദ്യത്തിനൊന്നും ഒരു ഉത്തരവും പ്രതീക്ഷിക്കണ്ട!     കെ.പി.സി.സിയുടെ പ്രസിഡണ്ട് മുഖ്യ മന്ത്രിക്കും മുകളിലാണെന്നാണ് വെപ്പ്.മുഖ്യ മന്ത്രിയെപ്പോലും നിയമിക്കാൻ കെൽപ്പുള്ളവൻ.എന്നിട്ടുമെന്തേ അത്തരമൊരാൾ വടക്ക് നിന്ന് തെക്കോട്ടേക്കൊരു ജാഥ നയിച്ച്‌ എനിക്ക് ഉപ മുഖ്യമന്ത്രിയാവണേ എന്ന് പൂതി പറഞ്ഞത്?ഈ യാത്രയുടെ പല ലക്ഷ്യങ്ങളിൽ ഒന്ന് സംഘടനയുടെ കെട്ടുറപ്പ് ഭദ്രമാക്കുക എന്ന ഒരു തമാശയും ഉണ്ടായിരുന്നു.പുറത്തു നിന്ന് നോക്കുമ്പോൾ ഒരു സവാളയുടെ രൂപത്തിലുള്ള ഈ സാധനം അല്ലിയല്ലിയായി പല ഗ്രൂപ്പുകാളായിട്ടാണിരിക്കുന്നതെന്ന സത്യം മറ്റുള്ളവരറിയുംപോൾ സംഘടനയിലുള്ളവർക്ക് ഒരിത്തിരി ജാള്യതയും അപമാനവും ഒക്കെ തോന്നേണ്ടതല്ലേ! എവിടെ? ഈ ഗ്രൂപ്പ് കളിക്ക് കൊണ്ഗ്രസ്സുകാർ ഒന്നിച്ചിരിക്കുന്ന അപൂര്വ സന്ദർഭങ്ങളിൽ ഉൾപാർട്ടി ജനാധിപത്യം എന്ന സൈധാന്ധിക പരിവേശംനല്കി തടി രക്ഷപ്പെടുത്താറാണ് പതിവ്.
                                                        നേരിയൊരു ഭൂരിപക്ഷത്തിന്റെ പേരില് ഭരണം നടത്തുന്ന ഇതിലെ പല മഹാ നേതാക്കളും നേരിയ ഭൂരിപക്ഷത്തിന് അസംബ്ലിമണഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാന്.അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരിക്കെ തന്നെ അത് ഗ്രൂപ്പ് കളിയിലും തമ്മിൽ തല്ലിലും കലാശിക്കാതെ മാന്യത കൈവിടാത്ത ചില സഖ്യ കക്ഷികളെങ്കിലും യു ഡി എഫിലുണ്ട് അവരിൽ നിന്നെങ്കിലും ഈ വല്ല്യേട്ടന് പഠിക്കാവുന്നതാണ് ജനങ്ങളെ ബാധിക്കുന്ന ഒരു പാട് മുഖ്യ വിഷയങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ഈ ഗ്രൂപ്പ് കളിയുടെ പുലയാട്ടു കാണുമ്പോൾ ജനങ്ങളുടെ മനസ്സില് തോന്നുന്ന വികാരം സങ്കടമാണോ അതോ പുച്ചമാണോ? പാവം ജനങ്ങള് എന്തെല്ലാം സഹിക്കണം
                                                                                                        കാർട്ടൂണ്‍ കടപ്പാട്:    

Wednesday, April 3, 2013

നിതാഖത്തും നമ്മുടെ ചാനൽ ശിങ്കങ്ങളും!

                                                                    ടൂറിസ്റ്റ് വിസയിൽ വന്ന രണ്ടു അറബികൾ ഒരു മുസ്ലിം പള്ളിയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ വേദി പങ്കിട്ടു. അവരെ കേരളത്തിലെ പോലീസ് അറസ്റ്റ് ചെയ്തു.ടൂറിസ്റ്റ് വിസയിൽ വന്നവര്  അങ്ങിനെ ചെയ്തു കൂടാത്തതാണെന്ന വിശദീകരണമുണ്ടായി.വളരെ പണ്ടൊന്നുമല്ല. 2012 ലാണെന്നാണെന്റെ ഓര്മ്മ.
                                                      ഇനി സൌദിയിലേക്ക് പോവാം. ഇപ്പറഞ്ഞ നിയമം അവിടെ കർക്കശമാകിയിരുന്നെങ്കിൽ അവിടത്തെ പോലീസുകാര്ക്ക് മറ്റു പണിക്കൊന്നും പോവാനാവുമായിരുന്നില്ല. ഇത്രയും കാലം നിയമം കണ്ണടച്ചതു കൊണ്ടാണ് ഹൌസ് ഡ്രൈവർ വിസയിൽ വന്നവര്ക്കിവിടെ സൂപ്പര് മാർക്കറ്റുകൾ തുടങ്ങാനായത്,ഭര്ത്താവിന്റെ വിസയിൽ വന്നു സ്കൂൾ ടീച്ചറായി ജോലി നേടി ശമ്പളം വാങ്ങാനായത്.
                                                ഏതൊരു ഗവെർന്മെന്റിന്റെയും ഉത്തരവാദിത്വമാണ് സ്വന്തം പൌരന്മാര്ക്ക് തൊഴിലവസരങ്ങളുണ്ടാക്കുക എന്നത്.വിദേശ തൊഴിലാളി കൽക്കേറെ  തൊഴില നൽകുമ്പോൾ ഒരു ചെറിയ ശതമാനം സൌദികല്ക്ക് കൂടി തൊഴില നൽകണമെന്നെ ഗവെർന്മെന്റ് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടുന്നുള്ളൂ.അതെങ്ങിനെ വലിയൊർ തെറ്റായി ഗണിക്കാനാവും! .
                                          മറ്റൊരു നിയമം തൊഴിലാളി തന്റെ സ്പോന്സരുടെ കീഴിലേ തൊഴിൽ ചെയ്യാവൂ എന്നതാണ്.(തൊഴിലാളിയുടെ സുഖവും,ജീവനും ഒക്കെ സ്പോന്സരുടെ ഉത്തരവാദിത്വത്തിലാണെന്നൊർക്കണം.).ഇത് തെറ്റാണെന്നാര്ക്ക് പറയാനാകും?
                                                 തന്റെ വിസയിൽ ( ഇഖാമയിൽ) പറഞ്ഞ തൊഴിലേ വിദേശിയായ തൊഴിലാളി ചെയ്യാവൂ എന്നതാണ് മറ്റൊരു നിയമം. അതും തെറ്റായൊരു നിര്ദേശം അല്ല. അങ്ങിനെയാരെങ്കിലും തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ വിസ മാറ്റാനും സ്പോന്സരെ മാറ്റാനുമൊക്കെ സൗദി ഭരണാധികാരികൾ പ്രവാസികള്ക്ക് സാവകാശം നല്കിയിരുന്നതുമാണ്.
                                                       ഇതൊക്കെയാണ് വാസ്തവം.യുദ്ധ സമാനമായ വിവരണങ്ങളും ബഹളവുമുണ്ടാക്കി നമ്മുടെ ചാനലുകൾ മത്സരിക്കുമ്പോൾ സത്യമറിയാവുന്ന ചിലരെങ്കിലും ഭൂമിയിൽ  ജീവിച്ചിരിക്കുന്നുവെന്ന് ഓര്ക്കുന്നത് നന്ന്.

  ഫ്രീ വിസ: 1976 ൽ എന്റെ കുട്ടിക്കാലത്താണ് എന്റെ കുടുമ്പത്തിൽ നിന്നൊരാൾ ഗള്ഫിലേക്ക് പോവുന്നത്.അന്ന് മുതൽ കേൾക്കുന്നതാണ്,ഗള്ഫിലെ ജോലി സാധ്യതകൾ കുറഞ്ഞു വരികയാണ്:ഇനി അധിക പേര്ക്കൊന്നും അവിടങ്ങളിൽ ജോലി ലഭിക്കില്ല,ജോലിയുള്ളവർ തന്നെ അധികം വൈകാതെ തിരിച്ചു പോരേണ്ടി വരും എന്നൊക്കെ.ഇപ്പോഴും ഇതാവര്ത്തിച്ചു കൊണ്ടിരിക്കുന്നു,അപ്പോഴുംപുതിയ തൊഴിലന്വേഷകരുമായി വിമാനങ്ങൾ ഗള്ഫിലേക്ക് പറന്നു കൊണ്ടേയിരിക്കുന്നു!!!!

Saturday, March 16, 2013

വരള്ച്ച ,മഹാരാഷ്ട്ര ഒരു പാഠ മാവുമെങ്കിൽ

                                                            കടുത്ത വരള്ച്ചയിലാണ് മഹാരാഷ്ട്ര .15 ജില്ലകളിലായി 11,000ത്തിലേറെ ഗ്രാമങ്ങളാണ് കടുത്ത വരള്‍ച്ചയുടെ പിടിയിലമര്‍ന്നത്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കാണ് മഹാരാഷ്ട്രയുടെ പോക്ക്. ക്രമസമാധാനത്തിനുപോലും ഭീഷണിയായി മാറിയിരിക്കുകയാണ് കുടിവെള്ളക്ഷാമം. ഇതത്തേുടര്‍ന്ന്, വരള്‍ച്ചാ പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിരോധാഭാസമായി തോന്നാം വെള്ളം കിട്ടാതെ ജനങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ്.

                                               രാജസ്ഥാൻ മുമ്പേ വരള്ച്ചയുടെ കെടുതികൾ ശീലമാക്കിയ സംസ്ഥാനമാണ്.ഇപ്രാവശ്യം ഒട്ടനവധി സംസ്ഥാനങ്ങളിൽ വരള്ച്ച ഗുരുതരമായിരിക്കുമെന്ന് ബന്ധ പ്പെട്ടവർ മുന്നറിയിപ്പ് തരുന്നു. 
                                       ചില പ്രദേശങ്ങൾ ഒഴിച്ച് നിർത്തിയാൽ കടുത്ത വരള്ച്ചയോന്നും ബാധിച്ചിരുന്ന സംസ്ഥാനമായിരുന്നില്ല കേരളം. എന്നാൽ കേരളത്തിലും ജല ലഭ്യത ആശങ്ക ജനകമാം വിധം കുറഞ്ഞു വരികയാണ്.ഉപഭോക്താക്കൾ  കൂടിവരികയും,ആളോഹരി ജലോപയോഗം വര്ധിക്കുകയും ചെയ്യുമ്പോൾ തന്നെ ജല സ്രോതസ്സുകളും മഴയും കുറഞ്ഞു കൊണ്ടിരിക്കുന്നു.
                                        തോടുകളിലെക്കും പുഴകളിലെക്കും ജലമൊഴുക്കി കൊണ്ടിരുന്ന ഒട്ടനവധി കുന്നുകൾ ഇടിച്ചു നിരത്ത പ്പെട്ടു കഴിഞ്ഞു.ധാരാളം നീർത്തടങ്ങൾ മണ്ണിട്ട്‌ മൂടി.പുഴകളിൽ ആര്ത്തിയോടെ മണല് വാരി സമൂഹത്തിനു തന്നെ ഭീഷണിയായി ക്കൊണ്ടിരിക്കുന്ന ഒരു പുതിയ മാഫിയാ സംഘം തന്നെ രൂപപ്പെട്ടു കഴിഞ്ഞു.കേരളത്തെ കേരളമാക്കി നിർത്തുന്നതിൽ പ്രമുഖമായ സ്ഥാനം വഹിക്കുന്ന പശ്ചിമ ഘട്ട മലകളിൽ പോലും വര്ധിച്ച തോതിൽ പരിസ്ഥിതി നാശം നടന്നു കൊണ്ടിരിക്കുന്നു.
                                        പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിച്ചു നിര്ത്തേണ്ട ആവശ്യകതയെ ക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഗാഡ്ഗിൽ കമ്മിഷൻ റിപ്പോര്ട്ടിനെ ഭരണ കൂടം വേണ്ടത്ര ഗൌരവത്തിൽ എടുത്തിട്ടില്ല.ഇന്ത്യയിൽ ജല മലിനീകരണത്തിന്റെ കാര്യത്തി ഒന്നാം സ്ഥാനം കേരളത്തിനാനെന്ന കാര്യവും നമ്മൾ ഗൌരവത്തിലെടുക്കണം .

                                          വരള്ച്ചയെ തടുക്കാൻ ഓരോ പൗരനും ഉണര്ന്നു പ്രവർത്തിക്കേണ്ടതുണ്ട്. എങ്ങിനെയൊക്കെ ജലോപയോഗം കുറയ്ക്കാമെന്നും എങ്ങിനെയൊക്കെ ജല സംഭരണം നടത്താമെന്നുമൊക്കെ ഇനിയാരും പ്രസംഗിച്ചു കേള്പ്പിക്കേണ്ടതില്ല.ഭൂഗര്ഭ ജലത്തിന് പിന്നാലെ പോകുന്നത് ഭൂകമ്പത്തെ ക്ഷണിച്ചു വരുത്തുന്ന നടടിയാവുമെന്നോർക്കുക.ഭൂമിയുടെ ഉപരിതലത്തിൽ തന്നെ ജലം സംഭരിക്കാനുള്ള ശ്രമമാണ് വേണ്ടത്.

Monday, February 25, 2013

സേര്‍.......... . . . . ഈ കുട്ടി ന്നെ കൊഞ്ഞനം കാട്ടി

കുട്ടിപ്പിലാക്കല്‌ കുഞ്ഞുട്ടിയെ നിങ്ങളറിയുമോ? ടിയാനെയോ ടിയാന്റെ ഭാര്യ കാവുള്ളതില്‍ കൌസല്ല്യയെയോ ആരും ട്വിറ്റെര്‍ ഫേസ് ബുക്ക് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വരെ വിമര്‍ശിച്ചതായി കണ്ടിട്ടില്ല.അവരുടെ ഫോട്ടോയോ കാര്ട്ടൂനുകളോ ടാഗ് ചെയ്തതായും കണ്ടിട്ടില്ല.കാരണം അവരൊന്നും പ്രശസ്തരല്ല.രാഷ്ട്രീയ രംഗത്തോ സിനിമാ സീരിയല്‍ രംഗത്തോ വിരാചിക്കുന്നവരുമല്ല
                                                  എന്നാല്‍ ഈ രംഗംങ്ങളില്‍ സജീവ സാന്നിധ്യമായ മന്‍മോഹന്‍ സിംഗ് തുടങ്ങി ആര്യാടന്‍,വി എസ എന്നീ രാഷ്ട്രീയക്കാരെയും ഒട്ടു മിക്ക സിനിമാ- നടീ നടന്മാരെയും പുകഴ്ത്തിക്കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ഒട്ടനവധി കാര്‍ടൂണുകള്‍,പോസ്റ്റുകള്‍,കമന്റുകള്‍ ദിവസവും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു.പലരും അവയ്ക്ക് ലൈക് അടിക്കുന്നു, കമന്റിടുന്നു
                                                 പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സെലിബ്രിറ്റികള്‍ തങ്ങളുടേത് കൂടിയാണെന്നൊരു തോന്നല്‍ പൊതു ജനങ്ങള്‍ക്കുണ്ട് അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളുമൊക്കെ ജനങ്ങള്‍ അറിഞ്ഞു കൊണ്ടും വീക്ഷിച്ചു കൊണ്ടുമിരിക്കുന്നു.നല്ലത് കാണുമ്പോള്‍ ജനമത്"വാഹ് വാഹ്" വിളിച്ചു പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ കാണുമ്പോള്‍ "ഡൌണ്‍ ഡൌണ്‍"" വിളിച്ചു അവരുടെ പ്രതിഷേധ മറിയിക്കുകയും ചെയ്യുന്നു.
                                                പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ സാധാരണക്കാര്‍ക്ക് നല്ലൊരു പങ്കുണ്ട്.എന്നിരിക്കെ പ്രശംസകള്‍ സ്വീകരിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്.. തൊട്ടതിനും പിടിച്ചതിനുമൊക്കെ "സാര്‍ ഈ കുട്ടി എന്നെ തോണ്ടി,തുറിച്ചു നോക്കി " എന്നൊക്കെ പരാതി പറയുന്ന എല്‍.പി സ്കൂള്‍ കുട്ടികളെപ്പോലെ സൈബര്‍ പോലീസിലും മറ്റും പരാതിപ്പെടുന്നവര്‍ തല്‍ക്കാലം പൊതു രംഗത്ത് നിന്ന് മാറി സ്വന്തം വീട്ടിലും ഊരിലുമൊക്കെ ഒതുങ്ങി നില്‍ക്കണം പൊതു രംഗത്ത്‌ വരേണ്ട,നാടുകാരെ സേവിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കേണ്ട. ആരും ഒരഭിപ്പ്രായവും പറയില്ല.
                                                   ഇങ്ങിനെ ഹൈലി സെന്സിടിവ് ആയി നടക്കുന്ന തൊട്ടാവാടികളെ വേണമെങ്കില്‍ ജനങ്ങള്‍ക്ക്‌ അവഗണിച്ചു മൂലക്കിരുത്താനുമാവും.നിങ്ങളും ഞാനുമൊക്കെ മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ എന്ത് നേതാവ്, എന്ത് സെലിബ്രിറ്റി? ഒന്നുമുണ്ടാവില്ല :"ഇച്ചിപ്പൂതമായി" കെറുവിച്ചു നടക്കുന്ന ഇമ്മാതിരി സാധനങ്ങളെ ബഹിഷ്ക്കരിക്കുന്നതിനു സൈബര്‍ പോലീസിനു കേസെടുക്കാന്‍ ഭാഗ്യത്തിന് വകുപ്പുമില്ല.അത്രയും സമാധാനം .

Sunday, January 27, 2013

അങ്ങനെന്താണ് ഭായ് !

                                                               കിടക്കപ്പായില്‍ മൂത്രമൊഴിച്ചു അനിയനു മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെട്ട ചേട്ടന്മാര്‍ ചരിത്രത്തില്‍ പേര് രേഖപ്പെടുത്താതെ പോയതെമ്പാടുമുണ്ട്.ഒളിഞ്ഞു നിന്ന്, അമ്മയുടെ അടിയും ശാസനയും ഏല്‍ക്കുന്ന അനിയനെ നോക്കി അടക്കാനാവാത്ത ചിരി ചിരിക്കുന്ന അത്തരം വില്ലന്മാര്‍ ഇന്നുമുണ്ട്.അത്തരം ചില ചേട്ടന്മാരേക്കുറിച്ചു ഇന്റലിജെന്‍സ് വിഭാഗം തനിക്കു വിവരം തന്നിട്ടുന്ടെന്നാണ് ഈ യിടെ കഴിഞ്ഞ കൊണ്ഗ്രെസ്സ് ചിന്തന്‍ ശിബിരത്തില്‍ നമ്മുടെ ആഭ്യന്തര മന്ത്രി ഷിന്‍ഡേ പറഞ്ഞത്.ഈ ചേട്ടന്മാര്‍ അതത്ര നിസ്സാരരൊന്നുമല്ല. ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ തൊഴുന്നതായി അഭിനയിച്ചു അദ്ദേഹത്തിന്റെ നെഞ്ചിനു നേരെ നിറയൊഴിചവരാണവര്‌..., പല പേരുകളില്‍ രാജ്യത്ത് സ്വൈര്യ
  വിഹാരം നടത്തുന്ന ഇവര്‍ ബോംബുണ്ടാക്കി നാടിന്റെ നാനാഭാഗങ്ങളില്‍ പൊട്ടിക്കുകയും അവിടങ്ങളില്‍ അനിയന്റെ തൊപ്പിയോ അനിയന്‍ പാരായണം ചെയ്യുന്ന ഗ്രന്ഥങ്ങളോ കൊണ്ടിട്ടു മാറി നിന്ന് ചിരിച്ചവരുമാണ്!
                                                 ബോംബു പോട്ടേണ്ട താമസം രാജ്യത്തിലെ ചാനലുകളായ ചാനലുകളൊക്കെ ചില സാങ്കല്‍പ്പിക പേരുകള്‍ ബ്രൈക്കിംഗ് ന്യൂസ്‌ ആയി സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കും.ക്രമ സമാധാന പാലകരെന്നു പേരുള്ള നമ്മുടെ പോലീസുകാര്‍ ഏതെങ്കിലും നിരപരാധികളായ ചെറുപ്പക്കാരെ പിടിച്ചു തങ്ങള്‍ക്കറിയാവുന്ന കേസുകളൊക്കെ അവരുടെ പേരില്‍ വെച്ച് കെട്ടി അവരെ കാരിരുംബഴികള്‍ക്കുള്ളിലാക്കും
                                                 ഭീകരപ്രവര്‍ത്തനം തൊഴിലാക്കിയ ഈ ചേട്ടന്മാരെ തനിക്കറിയാമെന്ന് പഴയ ആഭ്യന്തര മന്ത്രി ചിദംബരം പറഞ്ഞതാണ്. അന്ന് ചേട്ടന്മാര്‍ ഒത്തിരി ബഹളം വെച്ച്, ഇപ്പോള്‍ ഷിന്‍ഡേ തനിക്കറിയാവുന്ന രഹസ്സ്യത്തിന്റെ ഇത്തിരി ഭാഗം പറഞ്ഞപ്പോഴും അവര്‍ കുറച്ചൊന്നുമല്ല ബഹളം വെച്ചത്. പക്ഷെ നമ്മുടെ നാടെ പറഞ്ഞ ചാനല്‍ ശിങ്കങ്ങളൊന്നും ഈ വാര്‍ത്ത വെച്ച് ഒരു ചര്‍ച്ചയോ, "ആസ്ഥാന പണ്ഡിതരെ" വിവിധ സ്ടുഡിയോകളിലിരുത്തി ഒരു "ഐപ്രായം" ചോദിക്കാലോ ഉണ്ടായില്ല.അതെന്താണ് ഭായ് അങ്ങനെ? .
                                                       പക്ഷെ പറഞ്ഞത് മുഴുവനാക്കണം,യഥാര്‍ത്ഥ ഭീകരരെക്കുറിച്ചു സമഗ്ര അന്ന്വേഷണം തന്നെ വേണമെന്ന് വിവിധ സാമൂഹിക- മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൌണ്‍സില്‍, ജാമിഅ സോളിടാരിറ്റി അസോസിയേഷന്‍, ഓള്‍ ഇന്ത്യ പ്രോഗ്രെസ്സിവ് വിമണ്‍ അസ്സോസ്സിയേഷന്‍, ഹ്യുമന്‍ റൈട്സ് ലോ നെറ്റ് വര്‍ക്ക്,ആക്റ്റ് നവ് ഫോര്‍ ഹാര്‍മണി ആന്ഡ് ഡമോക്ക്രസ്സി എന്നിവരുടെ ആവശ്യത്തിനു ഗവേര്‍ന്മേന്റ്റ് ചെവി കൊടുക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. ചേട്ടന്മാര്‍ ഇനിയും പായയില്‍ ഇഷ്ട്ടം പോലെ മുള്ളിക്കോട്ടേ എന്ന മട്ടില്‍ മൃദു സമീപനമാണ് ഈ ഭീകരര്‍ക്കെതിരെ അധികാര കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ ഇനിയും ഏറെ ബോംബുകള്‍ പൊട്ടുകയും ടി.വി സ്ക്രീനില്‍ ഒരു "ചുമ്മാ" പേര്‍ സ്ക്രോള്‍ ചെയ്തു പോവുകയും ഒരു പാട് ചെറുപ്പക്കാര്‍ നരക യാതന അനുഭവിക്കേണ്ടി വരികയുമൊക്കെ ചെയ്യേണ്ടി വരും!
                                             ദൈവം കാക്കട്ടെ എന്ന് പ്രാര്തിക്കാനല്ലാതെ സമാധാന പ്രിയരായ നിങ്ങള്‍ക്കും എനിക്കുമൊക്കെ മറ്റെന്തു ചെയ്യാനാവും!

Monday, December 31, 2012

എന്താണിത്ര അര്‌മാദിക്കാനുള്ളതു ?

                                             പോപ്പ് ഗ്രിഗറി പതിമൂന്നാമാനാണ് നാമിന്നു കാണുന്ന ഗ്രിഗോറിയന്‍ കലണ്ടറിനു രൂപം നല്‍കി, അതിനെ ഒരു വിളംബരത്തിലൂടെ പ്രായോഗിക രംഗത്ത്‌ കൊണ്ട് വന്നത്. അതിനു മുമ്പും കാല നിണ്ണയത്തിനായി ലോകത്ത് വ്യത്യസ്ത കലണ്ടറുകള്‍ നിലവിലുണ്ടായിരുന്നു, ഇന്നും നിലവിലുണ്ട് താനും. നമ്മളുടെ ശക വര്‍ഷ കലണ്ടര്‍,അറബികളുടെ ഹിജ്രകലണ്ടര്‍, ബി.സി 45 മുതല്‍ ലോകത്ത് നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ തുടങ്ങി ഒട്ടനവധി കലണ്ടറുകള്‍ അവയില്‍ പെടുന്നു.      
                                                                                                                                                                          കാലം ഗണിക്കാനുള്ള ഒരു ഉപാധിയെന്നതിലുപരി കണ്ടറിനും,"പുതു വര്‌ഷ"ത്തിനുമൊക്കെ എന്ത് പ്രസക്തിയാണ്ള്ളതു! ഡിസംബര്‍ 31 ഉം ജനുവരി 1 ഉം തമ്മില്‍ എന്ത് കാര്യത്തിലാണ് വ്യത്യാസം? രണ്ടു ദിവസവും സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് തന്നെ അസ്തമിക്കുന്നു. ഡിസംബര്‍ 31 അര്‍ദ്ധരാത്രി 12 മണിക്ക് എന്തോ മഹത്തായ കാര്യം നടക്കാന്‍ പോവുന്നു വെന്നത് മനുഷ്യരുടെ,മനസ്സിന്റെ തോന്നലല്ലാതെ മറ്റെന്താണ്?


                                              ഈ വര്‍ഷത്തെ ഗ്രിഗേറിയന്‍ കലണ്ടറിലെ നവംബര്‍ 15 നായിരുന്നു ഹിജ്ര വര്ഷം 1434 ആരംഭിച്ചത്.അറബ് ലോകത്ത് അതിന്റെ തലേന്നാള്‍ രാത്രി ജനങ്ങള്‍ പുറത്തു തടിച്ചു കൂടി അര്‌മാദിക്കയുണ്ടായില്ല.ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്സിട്ടിയിലെ ഞങ്ങളുടെയൊക്കെ ഓഫീസ് ടേബിളിലെ പഴയ ടേബിള്‍ കലണ്ടറുകള്‍ എടുത്തു മാറ്റി പുതിയൊരെണ്ണം കൊണ്ട് വെച്ച് ഓഫീസ് ബോയ്‌.., അപ്പോഴാണ്‌ ഞങ്ങളില്‍ പലരും ഒരു പുതു വര്‌ഷറപ്പിവിയെ ക്കുറിച്ചറിയുന്നത് തന്നെ.തലേ ദിവസത്തില്‍ നിന്ന് വ്യത്യസ്ത്തമായി മുഹറം ഒന്നിന് പ്രകൃതിയില്‍ യാതൊരു വ്യത്യാസവുമുണ്ടായില്ല!നാളെ ജനുവരി ഒന്നിനും,2013 ലെ പുതിയ വര്‍ഷത്തിലെ ആദ്യ ദിനമായത് കൊണ്ട് മാത്രം പ്രകൃതിയ്ല്‍ വിശേഷിച്ചൊന്നും നടക്കാന്‍ പോവുന്നില്ല.              
                                                        ജനങ്ങള്‍ പുലയാട്ടിന് ഓരോരോ കാരണങ്ങള്‍ കണ്ടെത്തുന്നു.,ചുമ്മാതെ ഓരോരോ കാരണങ്ങള്‍ പറഞ്ഞു,തന്തോയവും അടിപൊളിപ്പരിപാടികളും ഉണ്ടാക്കുന്നു.ഇന്ന് ,ഡിസംബര്‌31 )313131മുപ്പത്തി ഒന്നിന് സമയത്തിനുറങ്ങുകയും നാളെ ജനുവരി ഒന്നിന് പതിവുപോലെ ഉണരുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. ,കാരണം വിശേഷ ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണല്ലോ അവരുടെ സ്ഥാനം.