Tuesday, January 31, 2012

വിജു.വി. നായര്‍ക്കു നന്ദി പറയണം

                                                  ഉഗ്ര ശബ്ദത്തില്‍ പിന്നീടെപ്പോഴോ പൊട്ടുമായിരുന്ന ഒരു പാട് "ബോംബുകളാണ് വിജു.വി.നായര്‍ മാധ്യമത്തിലൂടെ പുറത്തു വിട്ട സ്കൂപ്പിലൂടെ നിരവീര്യമാക്കപെട്ടത്‌.ഒരാളുടെ ഈ മെയില്‍ ഐ.ഡിയും പാസ് വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങളും കിട്ടിയാല്‍ തരാം പോലെ ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കാമായിരുന്നു കേരള പോലീസിലെ ചില എമാന്മാര്‍ക്ക്!അങ്ങിനെയായിരുന്നെങ്കില്‍ എന്തെല്ലാം വാര്‍ത്തകള്‍ ആയിരുന്നു നാം കേള്‍ക്കേണ്ടി വരുമായിരുന്നത്. എന്റെ ദൈവമേ ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു.ബ്രൈകിംഗ് ന്യൂസ്‌, ഫ്ലാഷ് ന്യൂസ്‌ എന്നൊക്കെ പറഞ്ഞു ടി.വി. സ്ക്രീനിലൂടെ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുമായിരുന്ന ആ "വാര്‍ത്തകള്‍" എന്തോക്കെയാകുമായിരുന്നു.

                                                      "മുംബൈ വിമാനത്താവളത്തില്‍ സ്ഫോടനം മുന്‍ എം.പി.ക്ക് പങ്കെന്ന് സംശയം" "ഭീകര വാദികളെ റിക്രൂട്ട് ചെയ്യുന്നു, മുസ്ലിം സേവന സംഘടനയുടെ പങ്കു വ്യക്തമായി"
അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റുന്നു പിന്നില്‍ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയെന്ന് സ്ഥിരീകരിച്ചു" 'പ്രധാന മന്ത്രിക്കു വധ ഭീഷണി മുസ്ലിം പത്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍"..........തുടങ്ങി തരാം പോലെ സന്ദര്‍ഭം പോലെ പടച്ചു വിടപ്പെടുമായിരുന്ന ഒട്ടനവധി ഭീകര വാര്തകളാണ് വിജു .വി.നായര്‍ വെള്ളമൊഴിച്ച് നിര്‍വീര്യമാക്കിയത്.
                                                         ഈ വാര്‍ത്ത മാധ്യമം പുറത്തു വിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ചാനലുകളില്‍ വന്നു ധിക്കാരപൂര്‍വം ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്ന രണ്ടതതാണിയെപ്പോലുള്ളവരെ തന്നെ വിളിച്ചു ചാനലിലിരുത്തി വിയര്‍പ്പിക്കുന്നത് കാണാമായിരുന്നു കേരള ജനതയ്ക്ക്."ഒരു പ്രത്യേക വ്യക്തിയുടെ" ഇ മെയിലില്‍ നിന്ന് പോയ സന്ദേശത്തിന്റെ ഹൈ ലൈറെറര്‍ കൊണ്ട് മാര്‍ക്ക് ചെയ്ത പ്രിന്റെഡ്‌ കോപ്പിയോടോപ്പം വിവിധ സ്ടുഡിയോകളിളിരുത്തി മുസ്ലിം തീവ്ര
വാദത്തെ ക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന കെ. സുരേന്ദ്രന്‍, എം. ടി. രമേശ്‌, ശ്രീധരന്‍പിള്ള തുടങ്ങിയ ഹിന്ദുത്വ നേതാക്കളുടെ വിവരണം കേട്ട് ഞാനും നിങ്ങളുമൊക്കെ ജാള്ല്യതയോടെ തല കുനിച്ചിരിക്കേണ്ടി വരുമായിരുന്നു.
                                                        ലവ് ജിഹാദ് കാലത്ത് (നല്ല പ്രയോഗം) പല സന്ദര്‍ഭങ്ങളിലും എനിക്കങ്ങിനെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ അതും മുസ്ലിങ്ങല്‍ക്കെതിരില്‍ ബോധ പൂര്‍വ്വം പടച്ചുണ്ടാക്കിയ ഒരു വാര്‍ത്ത മാത്രമായിരുന്നെന്നറിയുംപോള്‍ ആശ്വാസം തോന്നുന്നുണ്ടെങ്കിലും അന്ന് അമുസ്ലിം സുഹൃത്തുക്കളുടെ മുന്നിലനുഭവിച്ച ജാള്ല്യതയും അപകര്‍ഷത ബോധവും ഒന്നും മറക്കാനാവുന്നില്ല.
                                                                 സംഗതിയുടെ പുറം പൂച്ച് മറുത്തൊന്നും പറയാനില്ലാത്തവിധം പുറത്തായിട്ടും ഓട്ടിസം ബാധിച്ച കുട്ടിയെപ്പോലെ ഈ വാര്‍ത്തയെ ലാക്കാക്കി "മതേതര വിശ്വാസ പ്രമാനങ്ങള്ക്കെതിരെ യുള്ള നീക്കങ്ങള്‍ ..... " എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ മുഖ്യ മന്ത്രിയെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

മുറിവാല്‍: ആകാശത്ത് കിഴക്ക് അഞ്ചാം മന്ത്രിയുടെ ആഗമനം അറിയിച്ചു നക്ഷത്രമുദിക്കയുണ്ടായോ? നോക്കാന്‍ മറക്കരുത്. അതാണ്‌ എല്ലാറ്റിലും മുഖ്യം.
                                                                                                  കാര്‍ടൂണ്‍: കടപ്പാട്  

Monday, January 9, 2012

എന്തും കൊടുക്കാമായിരുന്നു, പക്ഷെ...

                                                         വിദേശ വരുമാനത്തിന് ഇന്ത്യ ഗവേര്‍ന്മെന്ടു ടാക്സ് ചുമത്താന്‍ പോവുന്നു എന്നത് തന്നെയാവും 2012 ലെ ,പ്രവാസിയെ ഏറ്റവും അലോസരപ്പെടുത്തുന്ന വാര്‍ത്ത. ജനുവരി 8 ലെ ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഇത് സംബന്ധമായി ഒരു റിപ്പോര്‍ട്ട് വരികയുണ്ടായി. ഇത് പ്രഖ്യാപിക്കാനുള്ള "ഭാഗ്യം" ലഭിച്ചത് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രി കൂടിയായ നമ്മുടെ വയലാര്‍ രവിക്കാണ്. പല തവണ ഗള്‍ഫു നാടുകളടക്ക്മുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പ്രവാസികളുടെ പ്രശ്നങ്ങള്‍ നന്നായറിയാവുന്ന ടിയാണ് പ്രവാസികള്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനായില്ലെങ്കിലും ഒരു 'ഉപദ്രവം' പ്രഖ്യാപിക്കാനായല്ലോ.



                                                                                    റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കിലും വോട്ടവകാശമില്ലെങ്കിലും പ്രവാസികള്‍ക്കിനി ആശ്വസിക്കാം രാഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ഇത് വരെ തന്റെ വിയര്‍പ്പൊഴുക്കി നല്‍കിയതിന്റെ കൂടെ ഇനി തന്റെ എല്ലില്‍ നിന്ന് വരണ്ടിയ ചില ഭാഗങ്ങള്‍ കൂടി ചെര്‍ക്കാനാവുന്നുണ്ടല്ലോ എന്ന്. 180 ദിവസം വിദേശത്ത് താമസിച്ച എലാ പ്രവാസിയും ഈ ടാക്സിന്റെ പരിധിയില്‍ വരുമെന്നത് കൊണ്ട് മാസം 300 റിയാലിന് അന്യ നാടുകളിലെ നിരത്ത് അടിച്ചു വാരി ജീവിതം നില നിര്‍ത്താന്‍ പാടുപെടുന്ന പ്രവാസിക്കും ഈ "ആനുകൂല്ല്യം" ലഭിക്കും.

                                                                എന്തും കൊടുക്കാമായിരുന്നു പൂര്‍ണ മനസ്സോടെ. സംതൃപ്തി തരുന്ന,പാവങ്ങല്‍ക്കൊപ്പം നില്‍ക്കുന്ന,മനസ്സിനിണങ്ങിയ തലത്തില്‍ പ്രവത്തിക്കുന്ന ഒരു ഗവേര്‍ന്മേന്റാണ് നമ്മെ ഭരിക്കുന്നതെങ്കില്‍.അതല്ലല്ലോ സ്തിഥി.തെരഞ്ഞെടുപ്പുകളില്‍ ജനം കൊള്ളരുതാതതവനെന്നു വിധിച്ചു തോല്പ്പിച്ചിട്ടും രാജ്യ സഭ വഴി വന്നു നമ്മെ ഭരിച്ചു കളയുന്ന മന്ത്രിമാരും( ഉദ: ചിദംബരം തന്നെ) ജനങ്ങളെ അഭിമുഖികരിക്കാന്‍ പോലും ധൈര്യമില്ലാത്ത പ്രധാനമന്ത്രിയും, ബഹു രാഷ്ട്ര കുത്തകകളുടെ ഏജന്റുമാരായ ഭരണ വിഭാഗവും പൊതു ജന താല്പര്യത്തെ മറികടന്നു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് പിറകെ പോവുന്ന "രാഷ്ട്രീയ ബുദ്ധി ജീവികളും" ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗത്തിന്റെ ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടി കൂടിയാണല്ലോ തന്റെ വിയര്‍പ്പിന്റെ വില നല്‍കേണ്ടി വരുന്നതെന്നോര്‍ക്കുമ്പോള്‍ ഈ പുതിയ കെണി ഏതു പ്രവാസിയേയും ദുഖിപ്പിക്കുന്നുണ്ടാവും.

ഗുണപാഠം:നേരായ രീതിയില്‍ ഭക്ഷണം പോലും കഴിക്കാതെ നാടിലേക്ക് പണം അയക്കുന്നത് നിര്‍ത്താറായി.

Wednesday, December 28, 2011

മമ്മദ്ക്ക, അച്ഛന്റെ പാന്റു...........



"മമ്മദ്ക്ക,കേരളത്തില് മുല്ലപ്പെരിയാര്‍ എന്നൊരു അണക്കെട്ടുണ്ട്...."

"കൂടംകുളം താപ വൈദ്യുത പദ്ധതി ..."

"ആ അണക്കെട്ട് ഒരുപാട് വര്ഷം പഴക്കമുള്ളതും അത് അത്യന്തം അപകടാ
വസ്തയിലുമാണ്"

"കൂടംകുളം പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണ്"

"മമ്മദ്ക്ക ആ അണക്കെട്ടെങ്ങാന്‍ പൊട്ടിയാല്‍ കേരളത്തിലെ പത്തു മുപ്പതു ലക്ഷം ആള്‍ക്കാരുടെ ജീവന്‍ അപകടത്തിലാകും"

"കൂടം കുളം പദ്ധതിയുടെ കാര്യത്തില്‍ റഷ്യന്‍ ഗവര്‍മെന്റിന് നല്‍കിയ ഉറപ്പു പാലിക്കാന്‍ ഇന്ത്യ ഗവെര്‍മെന്ടു ......"

"ഡോ..മമ്മത്ക്കാ, ആ തലേക്കെട്ടോന്നു മാറ്റിയിട്ടു...."

Wednesday, December 7, 2011

നഖം ചുറ്റികള്‍.

                                                         മനുഷ്യന്‍ എന്ന് ഭൂമിയില്‍ പിറന്നു വീണോ അവനോടൊപ്പം രോഗങ്ങളും ജന്മമെടുതതിരുന്നുവെന്നാണ് ചരിത്രം.മാനസികമോ ശാരീരികമോ ആയ രോഗങ്ങള്‍ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഗുരുതരം, നിസ്സാരം, അവഗണിക്കാവുന്നവ എന്നൊക്കെ മെഡിക്കല്‍ സയന്‍സ് രോഗങ്ങളെ വര്‍ഗീകരിച്ചെങ്കിലും രോഗം വന്ന ആള്‍ക്ക് ഏതു രോഗം വന്നാലും വലിയ പ്രയാസങ്ങളാണ്ണ്ടാവ്ക. നിസ്സാരമെന്നു പറയാവുന്ന താരന്‍, ചുണങ്ങു, വായ്‌ പുണ്ണ് എന്നിവ ഉദാഹരണം. അത് സാരമില്ലെന്നു കേള്‍ക്കുന്നവരും ഡോക്ടര്‍മാര്‍ തന്നെയും പറഞ്ഞാലും ഈ വക രോഗങ്ങളുള്ളവന്‍ വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
                                                          അവഗണിക്കാവുന്നത് എന്ന ഗണത്തിലാണ് നഖം ചുറ്റിയെയും മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്തിയത് പക്ഷെ വിരലിന്റെ തൊലിയോട് ചേര്‍ന്ന് അടര്‍ന്നു നില്‍ക്കുന്ന ഈ കൊച്ചു വില്ലന്‍- നഖം ചുറ്റി- അത് പിടിപെട്ടവന് സദാപ്രയാസമുണ്ടാക്കിക്കൊ ണ്ടിരിക്കും. വസ്ത്രത്തിലുടക്കിയും, ഭക്ഷണം കഴിക്കുമ്പോള്‍ എരിവു
  പ്രദാനം ചെയ്തും അത് ചില്ലറ പ്രയാസമല്ല ഉണ്ടാക്കുക.
                                                                         മനുഷ്യര്‍ക്ക്‌ ഇടതു കൈ വലതു കൈ എന്നിങ്ങനെ രണ്ടു കൈകളും അവയിലഞ്ചു വീതം വിരലുകളുമാണല്ലോ ദൈവം തന്നിട്ടുള്ളത്. ഈ കൈകളുടെ ഭാഗം കടമെടുത്തു ഇടതു പക്ഷം,വലതു പക്ഷം എന്നിങ്ങനെ രാഷ്ട്രീയക്കാര്‍എന്ന് വര്‍ഗ്ഗീകരണം നടത്തിയോ അന്ന് കൂടെപ്പോന്നു നഖം ചുറ്റികളുടെ ശല്ല്യവും!
                                                      വലതു പാക്ഷമെന്നറിയപ്പെടുന്ന കോണ്ഗ്രസ്സിന്റെ കാര്യമെടുക്കുക.അതിന്റെ ചരിത്രത്തില്‍ രംഗപ്പ്രവേശം നടത്തിയ സിണ്ടിക്കേട്ടു കൊണ്ഗ്രസ്സു, സംഘടന കൊണ്ഗ്രസ്സു തുടങ്ങി പിന്നീടിങ്ങോട്ട്‌ അക്ഷരമാല ക്രമത്തില്‍ രൂപമെടുത്ത 'എ' 'ഐ' ഗ്രൂപ്പുകള്‍ വരെ സംഘടനയിലെ നഖം ചുറ്റികളായിരുന്നു.നഖം ചുറ്റികള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്നപാര്‍ട്ടിയെന്ന ക്രെഡിറ്റും കൊണ്ഗ്രസ്സിനവകാശപ്പെട്ടതാണ്.ഉള്ളിയെപ്പോലെയാണ് കൊണ്ഗ്രസ്സു. ഒറ്റനോട്ടത്തില്‍ ഒരു നല്ല രൂപമതിനുണ്ട്. തൊലിച്ചു തുടങ്ങിയാല്‍ പല വിധ ഗ്രൂപുകളായി അതങ്ങിനെ വേര്‍പിരിഞ്ഞു കൊണ്ടിരിക്കും.ഗ്രൂപ്പുകള്‍ അതിനുള്ളില്‍ വേറെ ചിന്ന ഗ്രൂപ്പുകള്‍ എന്നിങ്ങനെ.
                                                 നേരേയാവില്ലെന്നു കണ്ടാല്‍ അതിനു സൈദധാന്ധിക പരിവേഷം നല്‍കി ഭംഗി ആക്കാമെന്ന ഇടതു പക്ഷ തന്ത്രം കടമെടുത്തു കൊണ്ഗ്രസ്സുകാര്‍ 'ഉള്‍ പാര്‍ട്ടി ജനാധിപത്യം' 'അഭിപ്രായ സ്വാതന്ത്ര്യം' എന്നൊക്കെ ഓമനപ്പേരിട്ട് ഈ നഖം ചുറ്റികളെ സഹിക്കാറാണ് പതിവ്.
കോണ്ഗ്രസ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നഖം ചുറ്റിയായിരുന്നു കരുണാകര്‍ജിയുടെ 'ഐ' ഗ്രൂപ്പെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു.ഭരണത്തിലിരുന്നു എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം കൈയെ മൊത്തമായി വേദനിപ്പിച്ചു കൊണ്ടിരുന്ന ആ നഖം ചുറ്റിയെ ഓപറേഷന്‍ ചെയ്തു മാറ്റാന്‍ സഹായിച്ചതിന് മാര്‍ക്സിസ്റ്റു പാര്‍ടിയോട് അന്ന് കൊണ്ഗ്രെസ്സു നന്ദി പറഞ്ഞതാണ്.
                                                              ഇടതു പക്ഷ വിരലുകളില്‍ നിന്നടര്‍ന്നു പോയ സി.എം.പി.,ജെ എസ്, എസ്.എന്നീ നഖം ചുറ്റികള്‍ നിലവിലുണ്ടെന്ന് ചില പത്രക്കാര്‍ പറയുന്നു. ഉണ്ടാവണം. പക്ഷെ അടര്‍ന് പോവാതെ വേദനിപ്പിച്ചും,നീറ്റലുണ്ടാക്കിയും പിണറായിയെന്ന നഖം ചുറ്റി കഴിഞ്ഞ ഭരണ കാലത്ത് മാര്‍ക്സിസ്റ്റു പാര്‍ടിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്." മാര്‍ക്സിസ്റ്റു പാര്‍ടി അധികാരതതിലേറിയാല്‍ കേരളത്തിലുണ്ടാവുന്ന പ്രധാന സംഭവമെന്തു?" എന്ന് പോളിറ്റിക്സ് ക്ലാസ്സില്‍ സാറിന്റെ ചോദ്യത്തിനു കുട്ടികള്‍ നിസ്സംശയം പറഞ്ഞിരുന്ന മറുപടി"ദേശാഭിമാനിക്ക് കൂടുതല്‍ എഡിഷനുകളുണ്ടാകും" എന്നായിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദനെ ശക്തിയുപയോഗിച്ചു മത്സരിപ്പിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ ഭിഷഗ്വരന്മാര്‍ പിണറായിയില്‍ ഒരു നഖം ചുറ്റിയെ പ്രവചിച്ചിരുന്നത്രേ.
                                                                                                           സഖാവ് അച്ചുവേട്ടന്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ എടുത്തിട്ട ഡയലോഗുകള്‍ കേട്ട് കോരിത്തരിച്ച കേരളീയര്‍ നായകന്‍റെ ഉശിരന്‍ സ്ടണ്ട് പ്രതീക്ഷിച്ചാണ് കൊട്ടകയില്‍ കയറിയത്.മൂന്നാര്‍ എന്ന അധിനിവേശ രാജ്യത്തേക്ക് മൂന്ന് പൂച്ചകളുമായിപ്പോയി ഭീകരവാധികളെ തുരതതുന്നത് കണ്ടു ജനം കൈയ്യടിച്ചപ്പോള്‍ നഖം ചുറ്റിയായി നിന്ന പിണറായി സഖാവ് വിളിച്ചു പറഞ്ഞു, പ്രോജെക്ടര്‍ പ്രവര്ത്തിപ്പിക്കുന്നത് താനാണ് കൈയടി തനിക്കും വേണമെന്ന്.താന്‍ പ്രോജെക്ടര്‍ പ്രവര്ത്പ്പിക്കാഞ്ഞാല്‍ നായകനെങ്ങിനെ സ്ടണ്ട് നടത്തും? സ്ലോ മോഷനില്‍ നടന്നു നീങ്ങും? അങ്ങിനെ വല്ലവരും വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വെറും നമസ്ക്കാരമല്ല നല്ല നമസ്കാരം തന്നെ കൊടുത്തു സഖാവ്.
                                                          ഏതായാലും ഭീകര വാദികളെ തുരതതട്ടെ എന്ന് കരുതി ജനം തിരിഞ്ഞു നിന്ന് പ്രോജെക്ടര്‍ ഒപരറെര്ക്കും കൊടുത്തു കൈയടി.  സിനിമക്ക് ഹരം  കേറിക്കൊണ്ടിരിക്കെ
 സി.പി.ഐ യുടെ വിരലിനടുത്തു പൂച്ചകള്‍ മൂത്രമൊഴിച്ചതോടെ എരി പിരി കൊണ്ട് ആ നഖം ചുറ്റി നായകനെ മയക്കി കിടത്തി പ്രോജെക്ടര്‍ ഓപെരടരോടൊപ്പം കൊട്ടക വിടുന്നതാണ് പിന്നെ പ്രേക്ഷകര്‍ കണ്ടത്..
                                                           കാലം വീണ്ടും മാറി സര്‍ക്കാര്‍ മാറി, വലതു പക്ഷം വന്നു. ആ പക്ഷത്തെ മുഖ്യ നഖം ചുറ്റിയായി പി.സി. ജോര്‍ജു സര്‍ സ്വയം അവരോധിതനായി.ലീഗിലെ മുഖ്യ നഖം ചുറ്റിയായ മുനീര്‍ ഡോക്ടര്‍ ഏതു സ്മയതാണാവോ വസ്ത്രതിലുടക്കി നീറ്റലുണ്ടാക്കുക എന്ന പേടിയിലാണ് ലീഗ്.അല്ലെങ്കിലും നഖമേതു നഖം ചുറ്റിയെത് എന്ന സന്ദേഹതിലാണാ പാര്‍ട്ടി. കൊണ്ഗ്രസ്സില്‍ മുഖ്യ നഖം ചുറ്റിയായി വി.എം സുധീരന്‍ തന്നെയുണ്ട്‌.മദ്യ നയം, കരിമണല്‍ ഖനനം,തുടങ്ങി പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച വരെയുള്ള ടിയാന്റെ അഭിപ്രായം നുള്ളിയെടുക്കാവുന്ന ഒരു നഖം ചുറ്റിയല്ല അതെന്നുറപ്പിക്കുന്നു.വി.എന്‍.പ്രതാപന്‍, തുടങ്ങി വേറെയും നഖം ചുറ്റികള്‍ വസ്ത്രത്തിലിടക്കിടെക്കിടെ കൊളുത്തി നീറ്റലുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
                                                                                           പ്രേക്ഷകര്‍ക്കിപ്പോള്‍ ഒറ്റ ആവശ്യമേയുള്ളൂ.എയിഡ്സ് നെപ്പോലെ, കേന്സറിനെപ്പോലെ, നഖം ചുറ്റിയെയും ഒരു മാരക രോഗമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം.ഇഷ്ടം പോലെ ഹര്‍ത്താലുകളും അവധികളുമുള്ള കേരള നാട്ടില്‍ അവര്‍ പിഴച്ചു കൊള്ളും!

Tuesday, November 22, 2011

തൂമ്പ കൊണ്ട് തന്നെ വേണോ മുള്ളെടുക്കാന്‍?

                                                                      ദേശീയ തലത്തില്‍ സംസ്ഥാനങ്ങളോടും പ്രദേശങ്ങളോടുമോക്കെയുള്ള അവഗണനയുടെ ഗ്രാഫ് ശ്രദ്ധിച്ചിട്ടുണ്ടോ?   അദ്ഭു തപ്പെടുത്തുകയല്ല, നമ്മെ ഞെട്ടിക്കും അത്. എന്ത് നല്ല വികസന പദ്ധതിയുണ്ടോ, അത് ഉത്തരേന്ത്യന്‍ ലോബി സ്വനതമാക്കും ആദ്യം:ദക്ഷിണേന്ത്യയെ അവഗണിക്കും. ഇനി ദക്ഷിണേന്ത്യയിലേക്ക് ലഭിച്ച പദ്ധതിയാണെങ്കില്‍ അത് വിന്ധ്യന് വടക്കുള്ള സംസ്ഥാനക്കാര്‍ തട്ടിയെടുക്കും. അവഗണന കേരളത്തിന്‌! കേരളത്തിനാണ് പദ്ധതി കിട്ടുന്നതെങ്കില്‍ അത് തെക്കന്‍ ജില്ലകള്‍ സ്വന്തമാക്കും. മലബാര്‍ മേഖലയെഅവഗണിക്കും.ഇങ്ങിനെ അവഗണിച്ചവഗണിച്ചു ഇന്ത്യയിലെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയായിരിക്കുന്നു മലബാര്‍.

                         കേരളമെന്നു മൊത്തത്തില്‍ പേര് കേള്‍പ്പിച്ചു സുഖിപ്പിച്ച്സുഖിപ്പിച്ച് കഴിഞ്ഞു കൂടുകയായിരുന്ന മലബാര്‍ അവഗണനയുടെ തോത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇങ്ങിനെയുള്ള തിരിച്ചറിവുകള്‍ല്‍ക്കൊടുവിലാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും വിഭജിക്കപെട്ടു പുതിയ സംസ്ഥാനങ്ങള്‍ ജന്മമെടുത്തത്.അവഗണനയുടെ നെല്ലിപ്പടി കണ്ടു മടുത്താണ് ആന്ധ്രയില്‍ തെലുങ്കാന മേഖലയിലുള്ളവര്‍ വേറിട്ടൊരു സംസ്ഥാനത്തിന് മുറവിളി കൂട്ടിതുടങ്ങിയതെന്നയാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോവരുത്
                                                      ബ്രിട്ടീഷ്‌ ഇന്ത്യയില്‍ കടുത്ത അവഗണന സഹിച്ചു പോന്ന പ്രദേശമായിരുന്നു മലബാര്‍.1956 ല്‍ തിരു- കൊച്ചി രാജ്യങ്ങളും മലബാറും ചേര്‍ന്ന് ഐക്യ കേരളമുണ്ടായപ്പോള്‍ വിഭവങ്ങള്‍ ഒരുപോലെ പങ്കു വെക്കപ്പെടുമെന്നും ഒരു പോലെ വികസനം വന്നെത്തുമെന്നുമൊക്കെ മലബാര്‍ പ്രതീക്ഷിച്ചിരുന്നു.പക്ഷെ മാറി മാറി വന്ന ഇടതു- വലതു സര്‍ക്കാരുകളും അവയുടെ ഉദ്യോഗസ്ഥ ലോബിയും മലബാറിനെ പറ്റിച്ചു കൊണ്ടെയിരിക്കയായിരുന്നു. വിസ്തീര്‍ണത്തില്‍ കേരളത്തിന്റെ 45 % വും ജനസംഖ്യയില്‍ 42 % നിവസിക്കുകയും ചെയ്യുന്ന ഒരു പ്രദേശം എത്രമാത്രം അവഗണന നേരിടുന്നുവെന്നു മനസ്സിലാക്കാന്‍ ചില കണക്കുകളിതാ.
                                       തിരു-കൊച്ചി പ്രദേശത്ത് 1618 സര്‍ക്കാര്‍/ എയ്ഡെഡ് സ്കൂളുകളിലായി 7 ,35000 വിദ്യാര്‍ഥികള്‍ പഠിക്കുമ്പോള്‍ മലബാറില്‍ 7 ,18000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് വെറും 817 സ്കൂളുകള്‍! ഇക്കഴിഞ്ഞ എസ്‌. എസ്‌ എല്‍ സി.പരീക്ഷ റിസല്ടിനു ശേഷം കേരളത്തിലെ പ്ലസ്‌ ടു സീറ്റുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ മലബാറില്‍ കുറച്ചു സീറ്റുകള്‍ കൂടി നല്‍കാമെന്ന ധാരണയുണ്ടായി.മുഖ്യമന്ത്രി ഇടപെട്ടു കേരളത്തിലെല്ലായിടത്തും പ്ലസ്‌ ടു സീറ്റ് വര്‍ധിപ്പിച്ചു. ഫലം തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണത്തെ ക്കാളധികം സീറ്റുള്ളപ്പോള്‍ മലബാറില്‍ പ്ലസ്‌ ടു സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു.ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരു-കൊച്ചി പ്രദേശത്ത് 130 കോളേജ്കളുള്ളപ്പോള്‍ മലബാറില്‍ അത് 60 മാത്രമാണ് .
                                                             എല്ലാ രംഗത്തെയും പോലെ ആരോഗ്യ രംഗത്തും ഈ അവഗണന നിഴലിച്ചു കാണാം. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുള്ള 37000 കിടക്കകളില്‍ മലബാരിലുള്ളത് 13000 . ആകെയുള്ള 237 പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ മലബാറില്‍ 86 !    52 താലൂക്ക് ആശുപത്രികള്‍ തിരു കൊച്ചി പ്രദേശത്ത് ഉള്ളപ്പോള്‍ മലബാറിലത് 26.
സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളില്‍ 73 % തെക്കന്‍ ജില്ലകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.മൊത്തമുള്ള 21 കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളില്‍ മലബാറിന് കിട്ടിയത് രണ്ടെണ്ണം. കേന്ദ്ര സര്‍ക്കാര്‍,സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷത്തില്‍ പരം തൊഴിലാളികളില്‍ തിരു-കൊച്ചിക്കാര്‍ 4,26000 വും മലബാറുകാര്‍ 186000 വുമാണ്.എടുത്തു കാണിക്കാന്‍ ഇനിയുമുണ്ട് കണക്കുകള്‍.
                                                                 ചെറിയ ചെറിയ അസമത്വങ്ങള്‍,തുടര്‍ച്ചയായ അവഗണന ഇവയൊക്കെ തിരിച്ചറിയപ്പെടുമ്പോള്‍ അതൊരു നീറ്റലായി ജനങ്ങളുടെ മനസ്സില്‍ ഉരുവപ്പെടുകയും ക്രമേണ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയും ചെയ്തതായാണ് ചരിത്രം. മൊട്ടു സൂചി കൊണ്ടെടുക്കാവുന്ന മുള്ള് തൂമ്പ കൊണ്ടെടുക്കേണ്ടി വരരുത്. സര്‍ക്കാര്‍ തന്നെയാണ് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും തിരുത്തെണ്ടതും.

Sunday, November 13, 2011

ശിശുദിന സമ്മാനം

ഇപ്രാവശ്യം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും,കുഞ്ഞു സഹോദരന്മാര്‍ക്കുമാവട്ടെ എന്റെ പോസ്റ്റ്‌!



ഡി.സി.ബുക്സ് ന്റെ കൈരളി ചില്‍ഡ്റന്‍സ് ബുക്ക്‌ ട്രസ്റ്റ് പ്രസിദ്ധീകരിച്ചു, കറന്റ് ബുക്സ് വിതരണം  നടത്തുന്നത്. കോപ്പി റൈറ്റ് വ്യവസ്ഥയുടെ കാലാവധി അവസാനിച്ചതുകൊണ്ട് പോസ്റ്റു ചെയ്യുന്നു. 






Monday, October 24, 2011

ഒരു രാജ്യം പ്രവാസികളെ ബഹുമാനിക്കുന്ന വിധം.

                                                              ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്‍സിടിയില്‍ ക്ലീനിംഗ്, പ്ലംബിംഗ്,ഇലക്‌ട്രിക്കല്‍ ജോലികളൊക്കെ ചെയ്യുന്നത് കമ്പനി തൊഴിലാളികളാണ്.അവരില്‍ ബംഗാളികള്‍,ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, ഫിലിപ്പ്നോകള്‍;പിന്നെ ഏതാനും ഈജിപ്തുകാര് എന്നിവരുണ്ട്. ഈജിപ്തുകാരെല്ലാവരുo മുറാകിബുമാരാണ്(സൂപര്‍ വൈസര്‍മാര്‍ ) അവര്‍  പണിയെടുക്കില്ല,  എടുപ്പിക്കുകയെയുള്ള്.                                                                                                    കമ്പനി തൊഴിലാളികള്‍ക്കിടയില്‍ മലയാളിയായ ബാബുവുമുണ്ട്‌. 1500 റിയാല്‍ ശമ്പളം, ഓവര്‍ ടൈം അലവന്‍സ്, ഒന്നര വര്ഷം കൂടുമ്പോള്‍ ടിക്കറ്റ്, നാല്പതു ദിന അവധി, തുടങ്ങിയ പല വിധ മോഹന വാഗ്ദാനങ്ങള്‍ കേട്ടാണ് ബാബു ഇവിടെ എത്തിയത്!
                                 മൂന്ന് മാസമായി ബാബുവിന് ശമ്പളം കിട്ടിയിട്ട്. മാസം 1200 റിയാലാണ് ഇവിടെ വന്നപ്പോള്‍ "പുതുക്കി' നിശ്ചയിച്ച ശമ്പളം! താമസം കമ്പനിയുടെ തകരo കൊണ്ട് നിര്‍മിച്ച കെട്ടിടത്തിലാണ്. ഇനിയൊരു മാസം കൂടി കഴിയുമ്പോള്‍ ബാബുവിന് ശമ്പളം കിട്ടും.രണ്ടു മാസത്തെ ശമ്പളം! രണ്ടു മാസ ശമ്പളം എപ്പോഴും പെന്ടിങ്ങിലായിരിക്കും.
                                                         
                                                              ബാബു ഏതൊരു പ്രവാസിയേയും പോലെ കൂടുതലായി കേള്‍ക്കുന്ന വാക്ക് "ബുഖ്റ"( നാളെ)യാണ്.ഒരിക്കലും പുലരാത്ത നാളെ!നിറം കേട്ട പ്രതീക്ഷ മാറ്റിവെച്ചു ബാബുവിപ്പോള്‍ ജോലി സമയം കഴിഞ്ഞു പുറത്തു മറ്റെന്തെങ്കിലും ജോലിക്ക് പോവുകയാണ്.വീടിലുള്ളവരോട് കടം പറയാന്‍ പറ്റില്ലല്ലോ.അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നിവരുടെ ജീവിതം മുന്നോട്ടു പോവണമെങ്കില്‍ ബാബുവിന്റെ കാശ് നാടിലെത്തിയെ പറ്റൂ.
                                                                    ഈ കമ്പനിയുടെ ജോലിക്കാരില്‍ പല നാട്ടുകാര്‍ക്കും പല നിരക്കിലും പല രീതിയിലുമുള്ള ശമ്പളമാണ്.ഒരേ പന്തിയില്‍ പല തരം വിളമ്പല്‍! ഇവരില്‍ കൃത്യമായി ശമ്പളം ലഭിക്കുന്നവരാണ് ഫിലിപ്പ്നോകള്‍. കാരണം  മറ്റൊന്നുമല്ല  .ഫിലിപ്പിനോകളുടെ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ ഓഫീസിലേക്ക് വിളി വരും, അവരുടെ എംബസിയില്‍ നിന്ന്. "എന്താണ് ശമ്പളം കൊടുക്കാത്തത്?" എന്ന ചോദ്യത്തിനു"ബുക്ര" എന്ന മറുപടി മതിയാവില്ല..തൊഴിലാളിയുടെ സേവനം മതിയായെങ്കില്‍ ഇത് വരെയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി അവരുടെ അടുത്ത എയര്‍ പോര്ട്ടിലേക്ക്ടിക്കറ്റെടുത്ത് തിരിച്ചയച്ചേക്കുക,കൃത്യവും കണിശവുമായിരിക്കും എംബസിയില്‍ നിന്നുള്ള നിര്‍ദേശം. തൊഴിലുടമ അത് പാലിച്ചില്ലെങ്കില്‍ ലോക്കല്‍ പോലീസിലേക്ക് പരാധി പോകും; എംബസിയില്‍ നിന്ന്.പോലീസ് തൊഴിലുടമയെ കാണും,അന്വേഷണം നടക്കും. കാര്യങ്ങള്‍ നേരെയല്ലെങ്കില്‍ അറസ്റ്റു വരെ നടക്കും.
                                                                      ഒരു വര്ഷം മുമ്പാണ്.ഒരു 'ബകാല' യില്‍ നിന്ന് ഏതാനും സാധനങ്ങള്‍ കളവു പോയി. കടയുടെ ഉടമക്ക് തന്റെ ജോലിക്കാരനായ ഫിലിപ്പിനോയെ സംശയം.ഒന്നും രണ്ടും പറഞ്ഞു തെറ്റി.കടയുടമ ഫിലിപ്പിനോയെ തല്ലി.ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് യഥാര്‍ത്ഥ കള്ളനെ പിടിച്ചു. ഒരു മസരി.ഫിലിപ്പിനോയോടു കടയുടമ മാപ്പ് പറഞ്ഞു.ഒരു മണിക്കൂറിനുള്ളില്‍ കടയുടമക്ക് എംബസിയില്‍ നിന്ന് ഫോണ്‍ വന്നു."എന്തിനായിരുന്നു ഫിലിപ്പിനോയെ അടിച്ചത്? ശിക്ഷ നടപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലേ? സംശയത്തിന്റെ പേരില്‍ ഒരാളെ അടിക്കുന്നത് ശരിയാണോ?"
                                                                                           മുതലാളി മാലീസ്(ക്ഷമ) പറഞ്ഞുകൊണ്ടേയിരുന്നു.എംബസി അവരുടെ തീരുമാനമറിയിച്ചു. അകാരണമായി ഒരു ഫിലിപ്പിനോയെ അടിച്ചതിനു അയാള്‍ക്ക്‌ 15,000 റിയാല്‍ നഷ്ടപരിഹാരം കൊടുക്കണം,താങ്കളുടെ കീഴില്‍  അയാള്‍ സുരക്ഷിതനല്ലെന്നു എംബസിക്ക് ബോധ്യമായി.ഒരാഴ്ചക്കുള്ളില്‍ അയാള്‍ക്ക്‌ നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് അയാളെ മടക്കി അയക്കണം. മുതലാളിക്ക് അങ്ങിനെ തന്നെ ചെയ്യേണ്ടി വന്നു.
                                                                                മജ്മ മുനിസിപ്പാലിറ്റിയിലെ ഉയര്‍നൊരുദ്യോഗസ്തന്റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്.ഇന്നോ നാളെയോ പ്രസവിക്കും.വീട്ടിലുള്ള ഫിലിപ്പിനോ   'ആയ' മിടുക്കിയാണ്.പ്രസവം കഴിഞ്ഞാല്‍ ഭാര്യയുടെ ശുശ്രൂഷയ്ക്ക് അവളുടെ സേവനം വലിയോരാശ്വാസമാകും.അങ്ങിനെയൊക്കെ ആശ്വസിച്ചിരിക്കെയാണ് അയാള്‍ക്ക്‌ ഫിലിപ്പിന്‍സ് എംബസിയില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നത്.
ആയയുടെ കോന്ട്ര)ക്റ്റ് ഒരാഴ്ച കൊണ്ടവസാനിക്കും.കൊണ്ട്രാക്റ്റ് വേണമെങ്കില്‍ പുതുക്കാം.പക്ഷെ ഒരാഴ്ച കഴിഞ്ഞു ആയയെ നാടിലേക്കയക്കണം,റീഎന്ട്രിയടിച്ചു;അവള്‍ക്കവകാശപ്പെട്ട നാല്പതു ദിവസത്തെ ലീവില്‍, അല്ലെങ്കില്‍ ഫൈനല്‍ ഏക്സിട്ടടിച്ചു. ഉദ്യോഗസ്ഥന്റെ മലയാളിയായ ഡ്രൈവര്‍ തന്റെ യജമാനനോടുള്ള"സ്നേഹക്കൂടുതല്‍" പ്രകടിപ്പിക്കാന്‍ ചോദിച്ചു "മാമ ഇന്നോ നാളെയോ പ്രസവിക്കില്ലേ? ആയ പോയാലെങ്ങിനെ ശരിയാവും?"
"മാമയുടെ ഗിര്‍ഗിര്‍ സഹിക്കാം,സഫാറ (എംബസി)ഫിലിപ്പിന്‍ കസീര്‍ ഗിര്‍ ഗിറാണ്"


                                                                             ഇനിയുമുണ്ടേറെഉദാഹരണങ്ങള്‍. ഫിലിപ്പിന്‍സില്‍ നിന്നും ഒറ്റയായും കൂട്ടായും രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ സൗദിയിലെത്താറില്ല.പരശതം സംഘടനകളും അവയുടെയൊക്കെ "മഹാ നേതാക്കളോ" അവര്‍ക്കില്ല.പ്രവാസികളുടെ വിയര്പൂറ്റിയ പണം കൊണ്ട് വാങ്ങിയ വലിയ സഞ്ചികള്‍ വിമാനത്തില്‍ കേറ്റവെ ഒരു പാട് പൊയ് വാഗ്ധാന സഞ്ചികള്‍ ഇവിടെ ഇട്ടേച്ചു പോവുന്ന ഒരു നേതാവും അവരെ സന്ദര്‍ശിക്കാറില്ല!

                                                     വാല്‍കഷ്ണം: നേതാക്കളെയും മന്ത്രിമാരെയു സ്വീകരിക്കാനും അവരുടെയൊപ്പം നിന്ന് ഫോട്ടോയെടുക്കാനും തിക്കും തിരക്കും കൂട്ടുന്ന ഒരു പാട് "കരും പൊട്ടന്മാര്‍ " പ്രവാസ ലോകത്ത് ഉണ്ടായിരിക്കെ, അത്തരം പൊങ്ങു തടികള്‍ക്കു വംശ നാശം സംഭവിക്കില്ലെന്നു അക്കൂട്ടര്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരിക്കെ ഇന്ത്യക്കാരായ പ്രവാസികള്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സൌകര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് വെറുതെ.